Friday, September 30, 2022

ഞാൻ


ഞാൻ

നാസിക് അൽമലാഇക

മൊഴിമാറ്റം: മിഷാൽ സലിം



നിശ ആരായുന്നു ഞാൻ ആരെന്ന് ?

ഇരുണ്ട് മുറ്റി ഉത്ക്കണ്ഠമായ അവളുടെ നിഗൂഢതയാണ് ഞാൻ 

വിമതമായ അവളുടെ മൂകതയാണ് ഞാൻ

നിശ്ചലത കൊണ്ട് ഞാൻ എന്റെ ഉണ്മയെ മൂടി

അനിശ്ചിതത്വം കൊണ്ട് എന്റെ മനസ്സിനെ ഞാൻ പുതച്ചു

ഇവിടെ വ്യാകുലയായി ഞാൻ അവശേഷിച്ചു

ശതാബ്ദങ്ങൾ എന്നോട് ആരായുന്നത് ഞാൻ കാതോർക്കുന്നു;

ഞാൻ ആരാകുന്നു?

കാറ്റും എന്നോട് ആരായുന്നു; ഞാൻ ആരാണ്?

പ്രക്ഷുബ്ധമായ അവളുടെ ആത്മാവാണ് ഞാൻ; കാലത്തിനു ഞാൻ ഒരു അന്യയാണ്

ഞാൻ അവളെപ്പോലെ നാടോടിയാണ്

ഞങ്ങൾ; അനന്തമായ യാത്രയ്ക്കായി അവശേഷിക്കുന്നവർ

അനുസ്യൂതമായ പ്രയാണത്തിലാണ് ഞങ്ങൾ; ഞങ്ങൾക്കു താവളമില്ല

എന്നിട്ടു വക്രമായ താഴ്‌വാരമണഞ്ഞാൽ 
ദൈന്യമായ വിട പറഞ്ഞ് അതിനെ ഞങ്ങൾ വിട്ടു പിരിയും

പിന്നീട് ശൂന്യാകാശത്തേക്ക്!

കാലമെന്നോട് ആരായുന്നു ഞാൻ ആരെന്ന് ?

ഞാൻ കാലത്തെപ്പോലെ ഓജസ്വിയാണ്; യുഗങ്ങളെ ഞാൻ അടക്കുന്നു

അവയ്ക്കു ഞാൻ പുനർജന്മവും നൽകുന്നു 

വിദൂരമായ ഭൂതത്തെ ഞാനാണ് സൃഷ്ടിക്കുന്നത്;

ശുഭപ്രതീക്ഷാ നിർഭരമായ വിമോഹനങ്ങളിൽ നിന്ന്.

അതിനെ കുഴിച്ചു മൂടുന്നതും ഞാൻ തന്നെ;

ഒരു പുതിയ ഇന്നലെയെ എനിക്കായി ഞാൻ തന്നെ വാർത്തെടുക്കാൻ;

അതിന്റെ നാളെ പ്രബലമാകാൻ

സ്വത്വം എന്നോട് ആരായുന്നു;
ഞാൻ ആരാണെന്ന് ?

ഞാൻ അവളെപ്പോലെ പരിഭ്രാന്തയായി ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.

ഒന്നും ഒരാശ്വാസവും നൽകുന്നതായി ഇല്ല. 

ഞാൻ എന്നോട് തന്നെ ആരാഞ്ഞു കൊണ്ടിരിക്കുന്നു, ഉത്തരങ്ങൾ;

മരീചികയായി എന്നിൽ നിന്നും മറഞ്ഞകന്നു കൊണ്ടേയിരിക്കുന്നു

അടുത്താണെന്ന് ഞാൻ നിനച്ചു കൊണ്ടിരിക്കും

അടുത്തെത്തിയാൽ അതുരുകി അമരുന്നു

മാഞ്ഞു മറഞ്ഞില്ലാതായിടുന്നു
             
                           

Wednesday, September 28, 2022

ONLINE FRIENDS

✨ᴏɴʟɪɴᴇ ꜰʀɪᴇɴᴅꜱ✨

                          
നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ... പലരെയും ഉന്മേഷ ഭരിതരാക്കുകയും, കഴിവുകളെ പരിപോഷിപ്പിക്കാൻ തണലായി നിൽക്കുകയും ചെയ്യുന്ന ഹൃദയമിടിപ്പുകളായ ഒരു പറ്റം കൂട്ടുകാർ....
ഒരുമിച്ചൊരു നിമിഷം പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അത്രമേൽ പ്രിയപ്പെട്ടവരുടെ പട്ടികയിലിടം പിടിച്ച കൂടെപ്പിറപ്പുകൾ. പാരപണിയാൻ സമർത്ഥരും കണ്ണീരൊപ്പാൻ തിടുക്കം കൂട്ടുന്നവരുമായ ഖൽബുകൾ.... കേട്ടാൽ നട്ടംതിരിയുന്ന ഭാഷകളുടെ വേലികെട്ടു കളെല്ലാം തകർത്ത് സ്നേഹത്തിന്റെ ഭൂപടം വരയ്ക്കുന്ന ഒരു കുടുംബമുണ്ടെനിക്ക്...
രക്തബന്ധം തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരുപിടിമനുഷ്യർക്കിടയിൽ ഞാൻ ജീവിതമെന്തെന്ന് രുചിക്കുകയാണ്.... കാലത്തിന്റെ കുത്തൊഴിക്കിൽ പെട്ട് ഈ സൗഹൃദക്കടലാസ്സിൽ കുറിച്ച ബന്ധങ്ങൾ കീറാതെ നനയാതെ തീരമണയണെ എന്ന പ്രാർഥനയോടെ...
                   Anshidha sherin
                   D1Economics 
   

Thursday, September 22, 2022

മമ സംഹിത

 മമ സംഹിത 


നിന്നെ കേൾക്കുന്നവർക്ക് മുൻപിൽ നീ വാചാലനാവുക...

നിന്നെ സന്തോഷിപ്പിക്കുന്നവരെ നീ ചേർത്തു പിടിക്കുക...

നിന്നിൽ പ്രതീക്ഷിക്കുന്നവരെ നീ നിരാശപ്പെടുത്തരുത്...

നിൻ്റെ തെറ്റുകൾ നിന്നോട് ചൂണ്ടി കാണിക്കുന്നവരോട് കൂട്ടുകൂടുക...

നിന്നിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കാതിരിക്കുക...

നിന്നെ വെറുക്കുന്നവരോടും ,നിൻ്റെ പതനം ആഗ്രഹിക്കുന്നവരോടും ഒരു കുഞ്ഞു പുഞ്ചിരിയോടെ അകന്ന് നിൽക്കുക...

തിരിച്ചു നാം അങ്ങനെ ചിന്തിച്ചാൽ ,നീയും അവരും തമ്മിൽ പിന്നെന്ത് വ്യത്യാസം?....


                                       THESNI

                     BA ECONOMICS THIRD YEAR



Thursday, September 15, 2022

പ്രവാസം




പണിയെടുത്ത് പണം വാരാമെന്ന മോഹം !

പാറി പറക്കുന്ന വിമാനത്തിലേറ്റി

പകലിന്റെ പണിയിൽ പാടു പെടുമ്പോഴും 

പരാതികളില്ലാതെ......... 

പരിഭവം മൊഴിയാതെ.......

ആരുടെയൊക്കെയോ സ്മരണാർത്ഥം 

പുഞ്ചിരി തൂകി.......... 

നിശാ പുഷ്പങ്ങൾ പോലും 

മയങ്ങുമ്പോൾ കേറിവരുന്നവന്, 

ഉറ്റവരുടെ ധ്വനികൾ ആശ്വാസമേകുമെങ്കിലും 

അവരുടെ വേദനകളിൽ നീറിപ്പുകഞ്ഞു 

പുറമെ പുഞ്ചിരി തൂകുന്നു.... 

പാതി മയക്കത്തിൽ, 

പണിത വീടും, ഉറ്റവരും കൂട്ടിനുണ്ടേലും 

അരണ്ട വെളിച്ചത്തിന്റെ 

വേലി കെട്ടുകൾക്കിടയിൽ തന്റെ സ്നേഹത്തെ 

ഒതുക്കിപ്പിടിച്ച്, തലയിണയെ കെട്ടിപ്പിടിച്ച്, 

നെടുവീർപ്പിടുമ്പോൾ.................

 അടുത്ത പുലരിയുടെ 

സംഘട്ടനങ്ങളിൽ വലിഞ്ഞുമുറുകി, 

മറ്റുള്ളവർക്ക് അർപ്പിക്കേണ്ടി വരുന്ന ജീവിതം 

                                

                                       Nada sherin. K

                           MA Afzal ul ulama first Year

Monday, March 7, 2022

അവൾ



 


വെയിലേറ്റ് വാടിത്തളർന്ന് മയങ്ങുന്ന

അച്ഛനെ തഴുകും മകളാണവൾ


കളിചിരി യോടൊപ്പമടികൂടിയോടുന്ന

ഏട്ടൻ്റെ അനിയത്തി പ്രാവാണവൾ


പിരിശം തുളുമ്പുന്ന പ്രാണ പ്രിയനെന്നും 

താങ്ങായി തലോടുന്ന സഖിയാണവൾ


മാണിക്യക്കല്ലാം മക്കളെയെന്നെന്നും 

മധുരമൂട്ടും മാതൃ സ്നേഹമവൾ


അവളെന്ന വാക്കിലായ് ദൈവമൊളിപ്പിച്ച സ്നേഹം തളിർക്കുന്ന മലരാണവൾ

Wednesday, March 2, 2022

നിലാവ്

 


എൻ നൊമ്പരത്തിന്റെ 

കറ വീണ നൂലിനാൽ

ഈ രാത്രിയിത്രമേൽ ഇരുണ്ടതായി

എൻ മൗനത്തിന്റെ

നോവിനാൽ തന്നെയാ

രാവിന്നുമിത്രമേൽ നിശബ്ദമായി

എൻ ഹൃദയത്തിൻ 

വിശാലത കൊണ്ടിതാ

ആകാശമിത്രമേൽ പരന്നതായി

എൻ കൊച്ചു സന്തോഷം

പൊട്ടിത്തെറിച്ചന്ന്

മാനത്തെ നക്ഷത്രമായി മാറി

എൻ പൊൻകിനാവുകൾ 

ചേർത്തുവെച്ചിന്നിതാ 

ഈ നിലാവിത്രമേൽ വെണ്മയേറി

എൻ കിനാക്കൂട്ടിലെ

കിണ്ണത്തിൽ ചാലിച്ച

വർണ്ണത്താൽ തീർത്തൊരു പൊൻ നിലാവ്


                                Shirin fairooz

                 BA AFZAL UL ULAMA SECOND YEAR



Tuesday, February 15, 2022

കാത്തിരിപ്പിനൊടുവിൽ

 


 "വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു"


കോടതി മുറിവിട്ടിറങ്ങുമ്പോൾ ഈ വിധി വാചകം സുമിയുടെ ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരുന്നു. പിടക്കുന്ന ഹൃദയവുമായി അവൾ തിടുക്കത്തിൽ വീട്ടിലേക്ക് കയറി. പ്രായം ചെന്ന ഉമ്മക്ക് കാവലിരിക്കുകയാണ് അഞ്ച് വയസ്സുകാരി ഫെമി. സുമിയെ കണ്ടതും ഉമ്മാ എന്ന് വിളിച്ചവൾ ഓടി വന്നു. സുമി അവളെ ചേർത്തു നിർത്തി ചുംബിച്ചു. അതുവരെ തടകെട്ടി നിർത്തിയ അശ്രുകണങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകാൻ തുടങ്ങി. ഓർമകൾ രണ്ട് വർഷങ്ങളപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. 

‌അന്നും പതിവുപോലെ സഫീർ ഓട്ടോയുമായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉപ്പാ ഇന്ന് വരുമ്പോൾ എനിക്ക് പാവക്കുട്ടിനെ കൊണ്ട് വരോ എന്ന ഫെമിയുടെ ചോദ്യത്തിന് കൊണ്ടുവരാമെന്ന മറുപടിയും കൊടുത്ത് അവളുടെ കുഞ്ഞിക്കവിളിൽ ചുംബനങ്ങളും നൽകി സ്വപ്നങ്ങളുടെ ഭാണ്ഡവും ആ ഓട്ടോയിലേറ്റി പോയതാണ്. ഉമ്മയും ഭാര്യയും കുഞ്ഞുമോൾ ഫെമിയുമടങ്ങിയ ആ കൊച്ചു കുടുംബം പട്ടിണി അറിയാതെ പരിവെട്ടമില്ലാതെ ജീവിച്ചു പോരുന്നത് സഫീർ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. അധികമാരോടും കൂട്ടുകൂടാതെ തന്റെതായ ചുറ്റുപാടിൽ സ്വന്തമായൊരു ലോകം പണിത് ജീവിക്കുന്ന മാന്യമായ വ്യക്തിത്തമായിരുന്നു സഫീറിന്റെത്. അന്ന് രാത്രിയും പതിവുപോലെ സുമിയും ഉമ്മയും ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്നു. ഉപ്പ പാവയെ കൊണ്ട് വരുന്നതും കാത്ത് ഫെമിയും അന്ന് ഉറക്കമിളച്ചിരുന്നു. ഉമ്മാ ഉപ്പ എന്താ വരാത്തത് എന്ന ഫെമിയുടെ ആവലാതിക്ക് മുന്നിൽ സുമി ഫോൺ എടുത്തു സഫീറിനെ വിളിച്ചു. 


‌"ഹലോ സുമീ ഞാൻ ഇപ്പോൾ വരും മോൾക്ക് പാവനെ വാങ്ങാൻ കടയിൽ കയറിയതാണ് അവൾ ഉറങ്ങിയോ?"


"ഇല്ല ഇക്കാ. അവൾ നിങ്ങളെ കാത്തിരിക്കുകയാണ്." 


തന്നെയും കാത്തിരിക്കുന്ന കുഞ്ഞുമോൾക്ക് ഈ പാവയെ കൊടുക്കുമ്പോൾ അവൾക്കുണ്ടാകുന്ന അതിരില്ലാത്ത സന്തോഷമോർത്ത് ആ പിതൃഹൃദയം ഏറെ ആഹ്ലാദിച്ചിട്ടുണ്ടാവാം. ഉപ്പ വരുന്നതും കാത്ത് ഫെമി ജനലഴികൾ തുറന്നിട്ട് കൂരിരുട്ടിലേക്ക് മിഴിനട്ട് ക്ഷമയറ്റ് കാത്തിരുന്നു. തനിക്ക് പാവയുമായി വരുന്ന പിതാവിന്റെ കവിൾ തടങ്ങളിൽ ചുംബിക്കാൻ അവളുടെ അധരങ്ങൾ വെമ്പൽ കൊണ്ടു. സമയമേറെ വൈകിയിട്ടും മകൻ വീടണയാതിരുന്നപ്പോൾ ആ മാതൃഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. തന്റെ പ്രാണനെ കാത്തിരിക്കുന്ന പ്രിയതമക്കും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. ക്ലോക്കിലെ സൂചിമുനകളുടെ ചലനം അവരുടെ കാതുകളെ അലോസരപ്പെടുത്താൻ തുടങ്ങി. വിളമ്പി വെച്ച ഭക്ഷണം തണുത്തു പഴകി. ഫോണിലേക്ക് ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തത് ആ നിമിഷങ്ങളെ കൂടുതൽ ഭയാനകമാക്കി. സമയം ആരെയും കാത്തിരിക്കാതെ കുതിച്ചു കൊണ്ടിരുന്നു. പാവയുമായി വരുന്ന ഉപ്പയെ കാത്തിരുന്ന് ഫെമി കരഞ്ഞു തളർന്ന് ഉറങ്ങി പോയി. അപ്പോഴാണ് ഒരുപാട് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കൊണ്ട് അവരാ വാർത്ത അറിയുന്നത്. പാവയെ വാങ്ങി പുറത്തിറങ്ങിയ സഫീറിനെ ഏതോ അജ്ഞാതർ വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഏതോ രാഷ്ട്രീയ പ്രവർത്തകർ ആള് മാറി വെട്ടിയതാണത്ര. വിവരമറിഞ്ഞ ഉമ്മ ബോധമറ്റു വീണു. സുമി വാവിട്ടു കരഞ്ഞു. ആൾക്കൂട്ടവും നിലവിളിയും കണ്ട് കാര്യമെന്തെന്ന് മനസ്സിലാവാതെ മൂന്ന് വയസ്സുകാരി ഫെമി പേടിച്ചു കരഞ്ഞു. അന്ന് മുതൽ ഉമ്മ നിത്യരോഗിയായി മാറി. ബോധം തെളിഞ്ഞെങ്കിലും അവരുടെ ഓർമ്മക്ക് ക്ഷതം സംഭവിച്ചു. ഇപ്പോഴും അവർ ഇടക്കിടക്ക് സഫീറിനെ ചോദിച്ചു കൊണ്ടിരിക്കും. ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളും എല്ലാം അവരുടെ ഓർമ്മ പഥത്തിൽ നിന്നും മാഞ്ഞു പോയി. ഉപ്പ മരിച്ചതറിയാത്ത ഫെമി പാവയുമായി വരുന്ന ഉപ്പക്ക് വേണ്ടി കാത്തിരിപ്പ് തുടർന്നു.പ്രാണന്റെ വേർപാടിൽ സുമി ഉപജീവനമാർഗ്ഗം നഷടപ്പെട്ട കുടുംബത്തിന് വരുമാനം തേടി അലഞ്ഞു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നായിരുന്നു അന്തിമ കോടതി വിധി. നീതി കിട്ടുമെന്ന പ്രതീക്ഷയും ഇന്നത്തോടെ അവസാനിച്ചു.


"ഉമ്മാ എന്തിനാ കരയുന്നത് ?"

 സുമിയുടെ കവിൾ തടങ്ങളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചു മാറ്റി കൊണ്ട് ഫെമി ചോദിച്ചു. ഒന്നുമില്ല മോളേ എന്ന് പറഞ്ഞ് സുമി അവളെ ഒന്നു കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി.


                                        ASIYA HAMDA

                          MA AFZAL UL ULAMA SECOND