ഞാൻ
നാസിക് അൽമലാഇക
മൊഴിമാറ്റം: മിഷാൽ സലിം
നിശ ആരായുന്നു ഞാൻ ആരെന്ന് ?
ഇരുണ്ട് മുറ്റി ഉത്ക്കണ്ഠമായ അവളുടെ നിഗൂഢതയാണ് ഞാൻ
വിമതമായ അവളുടെ മൂകതയാണ് ഞാൻ
നിശ്ചലത കൊണ്ട് ഞാൻ എന്റെ ഉണ്മയെ മൂടി
അനിശ്ചിതത്വം കൊണ്ട് എന്റെ മനസ്സിനെ ഞാൻ പുതച്ചു
ഇവിടെ വ്യാകുലയായി ഞാൻ അവശേഷിച്ചു
ശതാബ്ദങ്ങൾ എന്നോട് ആരായുന്നത് ഞാൻ കാതോർക്കുന്നു;
ഞാൻ ആരാകുന്നു?
കാറ്റും എന്നോട് ആരായുന്നു; ഞാൻ ആരാണ്?
പ്രക്ഷുബ്ധമായ അവളുടെ ആത്മാവാണ് ഞാൻ; കാലത്തിനു ഞാൻ ഒരു അന്യയാണ്
ഞാൻ അവളെപ്പോലെ നാടോടിയാണ്
ഞങ്ങൾ; അനന്തമായ യാത്രയ്ക്കായി അവശേഷിക്കുന്നവർ
അനുസ്യൂതമായ പ്രയാണത്തിലാണ് ഞങ്ങൾ; ഞങ്ങൾക്കു താവളമില്ല
എന്നിട്ടു വക്രമായ താഴ്‌വാരമണഞ്ഞാൽ
ദൈന്യമായ വിട പറഞ്ഞ് അതിനെ ഞങ്ങൾ വിട്ടു പിരിയും
പിന്നീട് ശൂന്യാകാശത്തേക്ക്!
കാലമെന്നോട് ആരായുന്നു ഞാൻ ആരെന്ന് ?
ഞാൻ കാലത്തെപ്പോലെ ഓജസ്വിയാണ്; യുഗങ്ങളെ ഞാൻ അടക്കുന്നു
അവയ്ക്കു ഞാൻ പുനർജന്മവും നൽകുന്നു
വിദൂരമായ ഭൂതത്തെ ഞാനാണ് സൃഷ്ടിക്കുന്നത്;
ശുഭപ്രതീക്ഷാ നിർഭരമായ വിമോഹനങ്ങളിൽ നിന്ന്.
അതിനെ കുഴിച്ചു മൂടുന്നതും ഞാൻ തന്നെ;
ഒരു പുതിയ ഇന്നലെയെ എനിക്കായി ഞാൻ തന്നെ വാർത്തെടുക്കാൻ;
അതിന്റെ നാളെ പ്രബലമാകാൻ
സ്വത്വം എന്നോട് ആരായുന്നു;
ഞാൻ ആരാണെന്ന് ?
ഞാൻ അവളെപ്പോലെ പരിഭ്രാന്തയായി ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.
ഒന്നും ഒരാശ്വാസവും നൽകുന്നതായി ഇല്ല.
ഞാൻ എന്നോട് തന്നെ ആരാഞ്ഞു കൊണ്ടിരിക്കുന്നു, ഉത്തരങ്ങൾ;
മരീചികയായി എന്നിൽ നിന്നും മറഞ്ഞകന്നു കൊണ്ടേയിരിക്കുന്നു
അടുത്താണെന്ന് ഞാൻ നിനച്ചു കൊണ്ടിരിക്കും
അടുത്തെത്തിയാൽ അതുരുകി അമരുന്നു
മാഞ്ഞു മറഞ്ഞില്ലാതായിടുന്നു
No comments:
Post a Comment