Tuesday, February 15, 2022

കാത്തിരിപ്പിനൊടുവിൽ

 


 "വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു"


കോടതി മുറിവിട്ടിറങ്ങുമ്പോൾ ഈ വിധി വാചകം സുമിയുടെ ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരുന്നു. പിടക്കുന്ന ഹൃദയവുമായി അവൾ തിടുക്കത്തിൽ വീട്ടിലേക്ക് കയറി. പ്രായം ചെന്ന ഉമ്മക്ക് കാവലിരിക്കുകയാണ് അഞ്ച് വയസ്സുകാരി ഫെമി. സുമിയെ കണ്ടതും ഉമ്മാ എന്ന് വിളിച്ചവൾ ഓടി വന്നു. സുമി അവളെ ചേർത്തു നിർത്തി ചുംബിച്ചു. അതുവരെ തടകെട്ടി നിർത്തിയ അശ്രുകണങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകാൻ തുടങ്ങി. ഓർമകൾ രണ്ട് വർഷങ്ങളപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. 

‌അന്നും പതിവുപോലെ സഫീർ ഓട്ടോയുമായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉപ്പാ ഇന്ന് വരുമ്പോൾ എനിക്ക് പാവക്കുട്ടിനെ കൊണ്ട് വരോ എന്ന ഫെമിയുടെ ചോദ്യത്തിന് കൊണ്ടുവരാമെന്ന മറുപടിയും കൊടുത്ത് അവളുടെ കുഞ്ഞിക്കവിളിൽ ചുംബനങ്ങളും നൽകി സ്വപ്നങ്ങളുടെ ഭാണ്ഡവും ആ ഓട്ടോയിലേറ്റി പോയതാണ്. ഉമ്മയും ഭാര്യയും കുഞ്ഞുമോൾ ഫെമിയുമടങ്ങിയ ആ കൊച്ചു കുടുംബം പട്ടിണി അറിയാതെ പരിവെട്ടമില്ലാതെ ജീവിച്ചു പോരുന്നത് സഫീർ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. അധികമാരോടും കൂട്ടുകൂടാതെ തന്റെതായ ചുറ്റുപാടിൽ സ്വന്തമായൊരു ലോകം പണിത് ജീവിക്കുന്ന മാന്യമായ വ്യക്തിത്തമായിരുന്നു സഫീറിന്റെത്. അന്ന് രാത്രിയും പതിവുപോലെ സുമിയും ഉമ്മയും ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്നു. ഉപ്പ പാവയെ കൊണ്ട് വരുന്നതും കാത്ത് ഫെമിയും അന്ന് ഉറക്കമിളച്ചിരുന്നു. ഉമ്മാ ഉപ്പ എന്താ വരാത്തത് എന്ന ഫെമിയുടെ ആവലാതിക്ക് മുന്നിൽ സുമി ഫോൺ എടുത്തു സഫീറിനെ വിളിച്ചു. 


‌"ഹലോ സുമീ ഞാൻ ഇപ്പോൾ വരും മോൾക്ക് പാവനെ വാങ്ങാൻ കടയിൽ കയറിയതാണ് അവൾ ഉറങ്ങിയോ?"


"ഇല്ല ഇക്കാ. അവൾ നിങ്ങളെ കാത്തിരിക്കുകയാണ്." 


തന്നെയും കാത്തിരിക്കുന്ന കുഞ്ഞുമോൾക്ക് ഈ പാവയെ കൊടുക്കുമ്പോൾ അവൾക്കുണ്ടാകുന്ന അതിരില്ലാത്ത സന്തോഷമോർത്ത് ആ പിതൃഹൃദയം ഏറെ ആഹ്ലാദിച്ചിട്ടുണ്ടാവാം. ഉപ്പ വരുന്നതും കാത്ത് ഫെമി ജനലഴികൾ തുറന്നിട്ട് കൂരിരുട്ടിലേക്ക് മിഴിനട്ട് ക്ഷമയറ്റ് കാത്തിരുന്നു. തനിക്ക് പാവയുമായി വരുന്ന പിതാവിന്റെ കവിൾ തടങ്ങളിൽ ചുംബിക്കാൻ അവളുടെ അധരങ്ങൾ വെമ്പൽ കൊണ്ടു. സമയമേറെ വൈകിയിട്ടും മകൻ വീടണയാതിരുന്നപ്പോൾ ആ മാതൃഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. തന്റെ പ്രാണനെ കാത്തിരിക്കുന്ന പ്രിയതമക്കും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. ക്ലോക്കിലെ സൂചിമുനകളുടെ ചലനം അവരുടെ കാതുകളെ അലോസരപ്പെടുത്താൻ തുടങ്ങി. വിളമ്പി വെച്ച ഭക്ഷണം തണുത്തു പഴകി. ഫോണിലേക്ക് ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തത് ആ നിമിഷങ്ങളെ കൂടുതൽ ഭയാനകമാക്കി. സമയം ആരെയും കാത്തിരിക്കാതെ കുതിച്ചു കൊണ്ടിരുന്നു. പാവയുമായി വരുന്ന ഉപ്പയെ കാത്തിരുന്ന് ഫെമി കരഞ്ഞു തളർന്ന് ഉറങ്ങി പോയി. അപ്പോഴാണ് ഒരുപാട് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കൊണ്ട് അവരാ വാർത്ത അറിയുന്നത്. പാവയെ വാങ്ങി പുറത്തിറങ്ങിയ സഫീറിനെ ഏതോ അജ്ഞാതർ വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഏതോ രാഷ്ട്രീയ പ്രവർത്തകർ ആള് മാറി വെട്ടിയതാണത്ര. വിവരമറിഞ്ഞ ഉമ്മ ബോധമറ്റു വീണു. സുമി വാവിട്ടു കരഞ്ഞു. ആൾക്കൂട്ടവും നിലവിളിയും കണ്ട് കാര്യമെന്തെന്ന് മനസ്സിലാവാതെ മൂന്ന് വയസ്സുകാരി ഫെമി പേടിച്ചു കരഞ്ഞു. അന്ന് മുതൽ ഉമ്മ നിത്യരോഗിയായി മാറി. ബോധം തെളിഞ്ഞെങ്കിലും അവരുടെ ഓർമ്മക്ക് ക്ഷതം സംഭവിച്ചു. ഇപ്പോഴും അവർ ഇടക്കിടക്ക് സഫീറിനെ ചോദിച്ചു കൊണ്ടിരിക്കും. ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളും എല്ലാം അവരുടെ ഓർമ്മ പഥത്തിൽ നിന്നും മാഞ്ഞു പോയി. ഉപ്പ മരിച്ചതറിയാത്ത ഫെമി പാവയുമായി വരുന്ന ഉപ്പക്ക് വേണ്ടി കാത്തിരിപ്പ് തുടർന്നു.പ്രാണന്റെ വേർപാടിൽ സുമി ഉപജീവനമാർഗ്ഗം നഷടപ്പെട്ട കുടുംബത്തിന് വരുമാനം തേടി അലഞ്ഞു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നായിരുന്നു അന്തിമ കോടതി വിധി. നീതി കിട്ടുമെന്ന പ്രതീക്ഷയും ഇന്നത്തോടെ അവസാനിച്ചു.


"ഉമ്മാ എന്തിനാ കരയുന്നത് ?"

 സുമിയുടെ കവിൾ തടങ്ങളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചു മാറ്റി കൊണ്ട് ഫെമി ചോദിച്ചു. ഒന്നുമില്ല മോളേ എന്ന് പറഞ്ഞ് സുമി അവളെ ഒന്നു കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി.


                                        ASIYA HAMDA

                          MA AFZAL UL ULAMA SECOND 

10 comments: