ചരിത്രത്തിൻറെ ഒഴുക്കിനെ സ്വാധീനിച്ച മഹതികളെ പറ്റി ചർച്ച ചെയ്യുമ്പോൾ മുത്തുനബി മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രിയ പത്നിയും പ്രഥമ ഖലീഫയായ അബൂബക്കർ (റ)വിന്‍റെ പുത്രിയുമായ നമ്മുടെ ഉമ്മ ആഇശ ബീവിയല്ലാതെ ആരെക്കുറിച്ചാണ് നാം ആദ്യം സംസാരിക്കുക.
ആഇശ (റ)യെ പറ്റി സംസാരിക്കുമ്പോൾ അവരുടെ ചരിത്രം മുഴുവൻ പറയുകയല്ല നാം ഉദ്ദേശിക്കുന്നത് അവരുടെ വ്യക്തിത്വത്തിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട മാതൃക യോഗ്യമായ രണ്ട് സവിശേഷതകൾ മാത്രമാണ് നാം ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
ഒന്ന് അവരുടെ അചഞ്ചലമായ ആത്മവിശ്വാസമാണ് രണ്ട് അവരുടെ അറിവിനോടുള്ള കൗതുകവും അഗാധമായ ജ്ഞാനവും ആണ്.
വിജ്ഞാനവും സത്യവും അന്വേഷിച്ച് പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുക അവർക്ക് ഒരു ആവേശമായിരുന്നു. ആത്മീയമായ കാര്യങ്ങളെപ്പറ്റി ഗഹനമായി ചിന്തിക്കും. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയും. അറിഞ്ഞ കാര്യങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും. ഇനി ആരെങ്കിലും അറിയാത്തവരോ ഒരു കാര്യത്തെ പറ്റി തെറ്റിദ്ധാരണ വെച്ച് പുലർത്തുന്നവരോ ആണെങ്കിൽ ആത്മാർത്ഥമായി അവരെ തിരുത്തുകയും അവരെ പഠിപ്പിക്കുകയും ചെയ്യും. ഒരു ഉദാഹരണം നോക്കൂ...
ഇസ്രാഅ് മിഅ്റാജ് രാവിൽ പ്രവാചകൻ അല്ലാഹുവിനെ നേരിട്ട് കണ്ടു എന്ന് ധ്വനിപ്പിക്കുന്ന ഭാഷയിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടപ്പോൾ ആഇശ ബീവി അതിധീരമായി അവരെ തിരുത്തി :
*" أنا أول هذه الأمة سأل عن ذلك عن رسول الله "*
' ഈ കാര്യത്തെക്കുറിച്ച് റസൂലിനോട് ഈ സമുദായത്തിൽ നിന്ന് തന്നെ ആദ്യമായി ചോദിച്ചത് ഞാനാണ്... '
ശേഷം ആഇശ ബീവി വിഷയവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ആളുകൾക്ക് പറഞ്ഞുകൊടുത്തു.
ഇതാണ് അവരുടെ ആത്മവിശ്വാസം, അവർക്കറിയാം അവർ പറയുന്നത് കൃത്യമായ അറിവിൻറെ പിൻബലത്തിൽ മാത്രമാണ്. അത്ര കൃത്യവും ആത്മാർത്ഥവും ആയി അവർ നബിയിൽ നിന്ന് ഓരോ വിഷയവും പഠിക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നാം ഓരോരുത്തർക്കും വേണ്ട ഏറ്റവും വലിയ സൽസ്വഭാവമാണിത്. അറിയാനുള്ള അതിയായ താല്പര്യം, പഠിച്ചതിൽ ആത്മാർത്ഥതയും കൃത്യതയും പുലർത്താനുള്ള മികവ്, തുടർന്ന് ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ സത്യവും വിജ്ഞാനവും പഠിപ്പിക്കാനുള്ള ആർജ്ജവം. ഇതെല്ലാം ഒരോ മുസ്ലിം സ്ത്രീയുടെ സവിശേഷമായ ഗുണങ്ങളായി മാറേണ്ടതുണ്ട്.
മനസ്സിലാകാത്ത കാര്യങ്ങൾ പല സന്ദർഭങ്ങളിലും നബി(സ്വ) യോട് ആവർത്തിച്ചാവർത്തിച്ച് ചോദിച്ച് വ്യക്തത വരുത്തുക അവരുടെ ഒരു സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും പല മുതിർന്ന പ്രവാചകനുചരന്മാർക്കും തെറ്റുകൾ വരുമ്പോൾ അത് തിരുത്തി കൊടുക്കുക ആഇശ ബീവിയുടെ ഒരു പ്രത്യേകതയായിരുന്നു. അവരുടെ തിരുത്തുകൾ ക്രോഡീകരിച്ചുകൊണ്ട് മാത്രം ബദറുദ്ദീൻ സറഖ്സി ഒരു ഗ്രന്ഥം പോലും രചിച്ചിട്ടുണ്ട്.
രണ്ടായിരത്തിലധികം ഹദീസുകൾ പ്രവാചകനിൽ നിന്നും നിവേദനം ചെയ്ത ആഇശ ബീവി
അറിവിന്റെ ആഴക്കടൽ ആയിരുന്നു. കേവലം ഹദീസ് മേഖലയിൽ മാത്രം പരിമിതമായിരുന്നില്ല അവരുടെ അവഗാഹം. അവരുടെ വിജ്ഞാനത്തിന്റെ വിസ്താരം സമകാലികരും ശേഷകാരുമായ പണ്ഡിതന്മാർ എല്ലാം സ്തുതിക്കുന്നതാണ്.
മുഹമ്മദ് ബ്ൻ സീരീൻ എന്ന പണ്ഡിതൻ അഹ്‌നഫ് ബ്നു കൈസ് പറഞ്ഞതായി ഒരു വാക്യം രേഖപ്പെടുത്തുന്നുണ്ട്. 'ഞാൻ അബൂബക്കർ (റ) ഉമർ (റ) തുടങ്ങിയ മഹത്തുക്കളായ പല ആളുകളുടെയും വാക്മികളുടെയും പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ആഇശയുടെ പ്രയോഗങ്ങളുടെ കിടപിടിക്കുന്നതൊന്നും ഇന്നേവരെ ഞാൻ കേട്ടിട്ടേയില്ല'.
മറ്റൊരു രിവായത്തിൽ
മസ്റൂക് പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി (സ്വ) യുടെ അനുചരന്മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ച് പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് '.
ഉര്‍വത്തിബ്നു സുബൈര്‍ (റ) എന്ന സ്വഹാബി പറയുന്നതായി നമുക്ക് ഇങ്ങനെ കാണാം : ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, ഹറാം ഹലാലുകള്‍ (അഥവാ കര്‍മ്മശാസ്ത്രം), കവിത, അറബികളുടെ നാട്ടറിവുകള്‍, കുടുംബപരമ്പരകള്‍ എന്ന് തുടങ്ങി ഒരു വിഷയത്തിലും ആഇശയേക്കാള്‍ അറിവുള്ള ഒരാളെയും ജനങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.”
അല്ലാഹു നമ്മെ ഏവരെയും ഇത്തരം ഉറച്ച ആത്മവിശ്വാസവും ഇൽമും ഉള്ളവരാക്കി തീർക്കുമാറാകട്ടെ ,ആമീൻ.