അൽജിബ്ര ഇന്റലക്ച്വൽ ഹബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബിബ്ലിയൊസ്മിയയുടെ സാഹിത്യാസ്വാദന സംഗമം ഇപ്രാവശ്യം തിരഞ്ഞെടുത്ത, ടോൾസ്റ്റോയിയുടെ "അന്ന കരിനീന" എന്ന പുസ്തകത്തിന്റെ ആഴത്തിലുള്ള വായനയും നിരൂപണവും -23/07/2023 വെള്ളിയാഴ്ച- ഞങ്ങൾ നടത്തുകയുണ്ടായി.
ലിയോ ടോൾസ്റ്റോയ് എഴുതിയ അന്ന കരിനീനയിൽ ചിന്തയും വികാരവും ബുദ്ധിയും ഹൃദയവും മാംസവും തമ്മിലുള്ള ഒരു അസാധാരണ അനുരഞ്ജനം നമുക്ക് കാണാം. മനുഷ്യ വികാരത്തിന്റെ ഗതിവിധികളെ യഥാക്രമം സൂചിപ്പിക്കുന്ന ഹൃദയം തുടിക്കുന്ന ഗ്രന്ഥം. മനുഷ്യാനുഭവങ്ങളെ ജീവിച്ചു കാണിക്കുന്ന ഓരോരോ കഥാപാത്രങ്ങൾ.
സുന്ദരിയും സമർഥയും കുലീനയും പീറ്റേഴ്സ് ബർഗിൽ ഗവൺമെന്റ് ജോലിക്കാരനായ കരിനീനിന്റെ ഭാര്യയുമായ അന്ന, സഹോദരന്റെ ദാമ്പത്യ ബന്ധം കെട്ടുറപ്പാക്കാൻ പോകുന്ന ഒരു ട്രെയിൻ യാത്രക്കിടയിൽ കണ്ടുമുട്ടിയ വ്രോൺസ്‌കിയുമായി ഹൃദയത്തിൽ വളർന്ന ബന്ധം അവളെ പതിയെ പതിയെ വികാരങ്ങളുടെ അടിമയാക്കിത്തീർത്തു. തനിക്കെവിടെയോ വെച്ച് നഷ്ടമായ സ്നേഹത്തിന്റെ പുനരാവിഷ്ക്കരണമെന്ന തോന്നലിൽ തന്റെ കുടുംബം ഉപേക്ഷിച്ചു പോരാൻ അവളെ പ്രേരിപ്പിച്ചു... എന്നാൽ അതൊരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയം എടുക്കേണ്ടി വന്നില്ല. തന്റെ മകനേയും ഭർത്താവിനേയും പാടെ ഒഴിവാക്കി വന്ന അന്നക്ക് കാലങ്ങൾക്ക് ശേഷം, കാമുകനായ വ്രോൺസ്കിയിൽ നിന്നും അകലേണ്ടി വന്നു... മനസ്സിന്റെ സംഘട്ടനങ്ങൾ... ഒരു മാതാവിന്റെ തേങ്ങലുകൾ... യഥാർത്ഥ സ്നേഹമെന്തെന്ന തിരിച്ചറിവുകൾ... ഒടുവിൽ ജീവൻ അവസാനിപ്പിച്ചതോ? ട്രെയിൻ പാളത്തിൽ...!!
സ്വന്തത്തെ നിയന്ത്രിക്കാനും സ്വപ്നങ്ങൾക്ക് ചുറ്റും വേലി കെട്ടാനും മറന്ന അന്ന സമൂഹത്തിനു മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. ശുഭ്ര വസ്ത്രത്തിൽ മഷി പുരണ്ടാൽ സംഭവിക്കുന്ന യാഥാർഥ്യത്തിന്റെ മനുഷ്യ കോലങ്ങൾ... പൂർണമായും വെറുപ്പ് തോന്നാൻ കഴിയാത്ത തരത്തിൽ അന്ന വായനക്കാർക്കു മുന്നിൽ സ്ഥാനം പിടിക്കുന്നു.
ഓരോ വ്യക്തികളും മറ്റുള്ളവർക്ക് വേണ്ടി, സത്യത്തിനു വേണ്ടി, ദൈവത്തിന് വേണ്ടി ജീവിക്കട്ടെ... തനിക്കു മാത്രമായി ജീവിച്ചാൽ സ്വത്വത്തിന്റെ ആത്മാവാണവിടെ ചോർന്നൊലിക്കുന്നതെന്ന സന്ദേശം ഹൃദയത്തിൽ നിക്ഷേപിക്കുന്നതാണ് അന്നാ കരിനീന എന്ന് സംഗമം വിലയിരുത്തി.
No comments:
Post a Comment