ഉമ്മു സലമയുടെ രണ്ട് സവിശേഷതകൾ എല്ലാ വിശ്വാസിനികൾക്കും പ്രചോദനമാണ്. ഒന്ന്, ആദർശത്തിലെ ആത്മാർത്ഥതയാണ്. വിശ്വാസ ദാർഡ്യതയുടെയും മാതൃകാ മൂർത്തിയായിരുന്നു ഉമ്മു സലമ:
ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവിൽ നിന്നും കുഞ്ഞിൽ നിന്നും ഒറ്റപ്പെടുത്തി, കുടുംബം ക്രൂരമായി പീഡിപ്പിച്ചപ്പോഴും ആദർശത്തിൽ നിന്നും തെല്ലും പതറാതെ ഉറച്ചു നിന്ന നമ്മുടെ ഉമ്മ ഉമ്മു സലമ നമുക്കേവർക്കും പ്രചോദനവും ശക്തിയുമാണ്.
ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തിൽ തന്നെ മുസ്ലിമായ അവർ മത സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിനായി മക്കയിൽ നിന്നും മദീനയിലേക്ക് അനേകം ഖാതങ്ങൾ താണ്ടി പലായനം ചെയ്ത്, ഹിജ്റ നിർവ്വഹിച്ച പ്രഥമ വനിതയായി മാറി.
ഒറ്റപ്പെടുത്തലുകളും ബഹിഷ്കരണങ്ങളും തൃണവൽഗണിച്ച നമ്മുടെ ഉമ്മ,
കല്ലും മുള്ളും കാടും മലയും കാറ്റും കോളും അതിജയിച്ച്, ഈമാനിലേക്ക് കിലോമീറ്ററുകൾ അടിവെച്ചടിവെച്ചടുത്ത സഹനത്തിന്റെ പ്രതീകമായ നമ്മുടെ ഉമ്മയുടെ കഥ... നശ്വരമായ ഭൗതിക നേട്ടങ്ങൾക്കും ആസക്തികൾക്കും വേണ്ടി മതവും ആദർശവും സംസ്കാരവും പരിത്യജിക്കുന്ന ആധുനിക തലമുറയിലെ മുസ്ലിം പെൺകുട്ടികളെ ചിന്തിപ്പിക്കുന്നതാണ്.
രണ്ടാമതായി, ഉമ്മു സലമയുടെ അറിവും കഴിവും ഒരോ മുസ്ലിം സ്ത്രീക്കും ആവേശജനകമാണ്.
നബി(സ) യുടെ വിയോഗത്തിന് ശേഷം ഒരുപാട് കാലം ജീവിച്ച ഉമ്മു സലമ, ആഇശ(റ) നെ കഴിഞ്ഞാൽ രണ്ടാമത് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത വനിതയാണ്.
അതിനാൽ തന്നെ സ്വഹാബികളുൾപ്പെടെ അന്നത്തെ നിരവധി പണ്ഡിതന്മാർ അവരോട് സംശയ നിവാരണം നടത്തിയിരുന്നു.
ഇസ്‌ലാമികകർമ്മശാസ്ത്ര വിഷയങ്ങളിൽ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും പ്രധാന അവലംബമായിരുന്നു ഉമ്മു സലമയുടെ അവഗാഹം.
ശുദ്ധി, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജജ് തുടങ്ങി ഒട്ടനവധി കർമ്മശാസ്ത്ര വിഷയങ്ങളിൽ ഇവരുടെ റിപ്പോർട്ടുകൾ നമുക്ക് ഈ കാലഘട്ടത്തിലും വെളിച്ചമേകുന്നു.
മതത്തിലുള്ള അഗാത ജ്ഞാനത്തിന് പുറമെ, നാനാ വിഷയങ്ങളിലും വിശാലമായ ഉൾക്കാഴ്ച്ചയും ദീർഘദൃഷ്ടിയും ഉമ്മു സലമക്കുണ്ടായിരുന്നു. സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ പോലും ഈ മഹതിയുടെ കാഴ്ച്ചപ്പാടുകൾ, സാക്ഷാൽ മുഹമ്മദ് നബി (സ്വ) ക്ക് പോലും ദിശയേകിയിട്ടുണ്ട് എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ ?
ചരിത്ര പ്രധാനമായ ഹുദൈബിയ്യ സന്ധിയുടെ അവസരത്തിൽ, പ്രവാചകന്റെ (സ്വ) കൽപ്പന അനുചരന്മാർ അനുസരിക്കുന്നില്ലെന്ന് അദ്ദേഹം ആകുലപ്പെട്ടപ്പോൾ ഉമ്മു സലമ (റ) അദ്ദേഹത്തിൽ പോംവഴി പറഞ്ഞു കൊടുത്തു. സ്വന്തം നാടായ മക്കയിലേക്ക് പോകാമെന്ന് കൊതിച്ച അനുചരന്മാർക്ക്, മദീനയിലേക്ക് തന്നെതിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ അതിയായ സങ്കടമുണ്ടായതാണെന്നും പ്രവാചകൻ (സ്വ), പരസ്യമായി തല മുണ്ഡനം ചെയ്ത് ഇഹ്റാമിൽ നിന്ന് വിരമിച്ചാൽ അനുചരന്മാർ താനെ അനുസരിച്ചു കൊള്ളും എന്ന് ഉമ്മു സലമ പ്രവാചകനോട് നിർദ്ദേശിച്ചു. പ്രവാചകൻ (സ്വ) ഉമ്മുസലമയുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയും പ്രവചിച്ച ഫലം ഉണ്ടാവുകയും ചെയ്തു. ഇവിടെ ഉമ്മു സലമയുടെ വ്യക്തിത്വ സവിശേഷതകൾ ഈ സംഭവത്തിലൂടെ നമുക്ക് ഗ്രഹിക്കാം. ഒന്ന്, പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമ ഉമ്മു സലമയുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ ജ്ഞാനവും കാഴ്ചപ്പാടും വിലമതിച്ചിരുന്നു എന്നതാണ്. രണ്ട് , അദ്ദേഹത്തിന്റെ ധാരണക്ക് അനുസൃതമായി തന്നെ ഉമ്മുസലമക്ക് അവരുടെ കഴിവിനെ പ്രകടിപ്പിക്കാനും പ്രതിഫലിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഇത്തരം മഹതികളുടെ ജീവിതം പഠിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ, ആമീൻ.
No comments:
Post a Comment