Saturday, December 4, 2021

മർത്യാ...ഒരു നിമിഷം...


ഭൂമിതൻ മടിയിൽ മിഴിതുറന്നങ്ങനെ 

മർത്യനാം നീയണഞ്ഞന്നു മണ്ണിൽ...

ബാങ്കിന്റെ ഈരടിനാദങ്ങളന്നു നിൻ

കർണപുടത്തിലലയടിച്ചു...

അലറിക്കരയും നിൻ കുഞ്ഞിളം നാദം

കേട്ടാനന്ദമേറിയവർ ചിരിച്ചു...

പുലരാനിരിക്കും പ്രതീക്ഷതൻ നാളിൻ

പ്രതീകമാണന്നു നിൻ ചുരുണ്ട മുഷ്ടി...

കമിഴ്ന്നും മലർന്നും പിച്ചവെച്ചും അതിവേഗമിൽ നീയും കുതിച്ചിടുന്നു...

ഓടുന്നു ഉടലിനൊരിടതെല്ല് നൽകാതെ

ഭൂമിയെ വെട്ടിപ്പിടിച്ചിടാനായ്...

നിന്നെ പടച്ചൊരാ നാഥന്റെ വാക്കുകൾ

വിസ്മൃതിയാം മറക്കുള്ളിലാഴ്ത്തി...

നശ്വരമാം ദുനിയാവിന്റെ സ്വപ്നങ്ങൾ

വെട്ടിപ്പിടിച്ചുകിതച്ചിടവെ...

പെട്ടെന്നൊരാ ദിനം നിന്നെ വിളിക്കുവാൻ

മരണത്തിൻ മാലാഖ വന്നണയും...

തുണയില്ല തണിയില്ല കൂട്ടിനായന്ന്

നിൻ കെട്ടിപ്പടുത്ത പ്രതീക്ഷകളും...

മലക്കെത്തുറന്നൊരാ മുഷ്ടിയിലില്ല

നീ എണ്ണിക്കളിച്ച കടലാസുകൾ...

ബാങ്കതില്ലാത്ത ജനാസ നിസ്കാരത്തിനിന്നവർ

നിൻ പിന്നിൽ സ്വഫ് കെട്ടും..

കരയുന്ന അഖിലർക്ക് മുന്നിൽ കിടന്നു നീ

പുഞ്ചിരി തൂകി മടങ്ങിടാനായ്...

പെരിയോന്റെ വാക്കിന്റെ പാതയിലൂടെ

ഈ ദുനിയാവിലെന്നും ചലിച്ചിടൂ നീ...

                                    -SAHLA JABIN K-

                                        BA AFZAL UL ULAMA 3 RD

 

           


4 comments: