ന: കിസീകി ആംഖ് കാ നൂർ ഹൂം
- ബഹദൂർഷാ സഫർ
വിവർത്തനം: ഡോ. മിഷാൽ സലിം
ആരുടേയും മിഴി തൻ ജ്യോതിയല്ല
ആരുടേയും മനസ്സിലെ ആധിയല്ല
ആർക്കുമാർക്കും തീരെ വേണ്ടാത്തൊരു പിടി
ധൂളി പടലം മാത്രമാണല്ലൊ ഞാൻ
ധൂളി പടലം മാത്രമാണല്ലൊ ഞാൻ
ആരുടേയും പ്രിയതമനല്ല ഞാൻ
ആരുടേയും പ്രതിയോഗിയല്ല
ചപലമായ വിധി, ധര സഹസ്ര കോണുകളിലെവിടെയൊ
ഒരു പാഴായ തരിശുനിലമാണു ഞാൻ
ഒരു പാഴായ തരിശുനിലമാണു ഞാൻ
എന്റെ നിറവും കോലവും കെട്ടു
എന്റെ തോഴരെല്ലാം എന്നെ വിട്ടു
ശരത്ക്കാല ഹേതുവായ് ഹോമിക്കപ്പെട്ട യൊരു
വസന്ത പുഷ്പലതയാണു ഞാൻ
വസന്ത പുഷ്പലതയാണു ഞാൻ
എന്റെ ചിതക്കടുത്താരു പ്രാർത്ഥിക്കാൻ !?
നാല് പൂക്കളാരെന്തിന് വിതക്കാൻ !?
ആരെന്തിനു ദീപം കൊളുത്തണം ഇവിടെ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ
No comments:
Post a Comment