കാലം
രചന: അഡോനീസ്
വിവർത്തനം: ഡോ. മിഷാൽ സലീം
കാലത്തിൻ കതിരു
ഞാൻ കാത്തുവെച്ചു;
അഗ്നി ഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ
പൂഴിയിൽ പറ്റിപ്പിടിച്ച ഈ രക്തക്കറയെന്ത്?
എന്തിനീ അസ്തമയ മൂകത
വർത്തമാനത്തിൻ ജ്വാലയേ നീ എന്തോതിടുന്നു?
എന്നു ഞങ്ങളോടാരായു
എൻ കണ്ഠനാഡി ചരിത്രത്തിൻ ചീന്തുകൾ
കുരുങ്ങിക്കിടക്കുന്നു
എൻ വദനത്തിൽ ഇരയുടെ മുദ്രകൾ മങ്ങിക്കിടക്കുന്നു
ഇന്നു ഭാഷക്കെന്തു തിടുക്കം!
ഇന്നു അക്ഷരമാലകൾക്കെന്തു കുടുക്കം !!
കാലത്തിൻ കതിരു ഞാൻ കാത്ത് വെച്ചു;
അഗ്നി ഗോപുരമായി മമ ശിരസ്സ് വെന്തുരുകവെ
കണ്ണിമവെട്ടുന്ന മാത്രയിൽ ഘാതകൻ വെട്ടിയിടുന്ന മൃതശരീരങ്ങൾ
ഒപ്പം മഹാന്മാരുടെ അസംബന്ധങ്ങൾ...
ഒരു കുഞ്ഞിന്റെ ശിരസ്സൊ അത്?
അതോ ഒരു ഇറച്ചിക്കഷ്ണമോ?
മൃതശരീര കൂമ്പാരമോ ഞാനീ കാണുന്നത്?
അതോ കളിമൺ ഗോപുരമോ?
അവയുടെ നയനങ്ങൾ ഞാൻ കുമ്പിട്ടടച്ചു,
അവയുടെ വളഞ്ഞ ഊരകൾ നേരെയാക്കി
ചിന്തകൾ പൊടുന്നനെ സഹായത്തിനെത്തിയേക്കാം,
ഓർമകൾ വെളിച്ചമായ് മാർഗദർശനം നല്കിയേക്കാം
എങ്കിലും വെറുതെ ആ നേർത്ത പുടവ ഞാൻ നീക്കി
ശിരസ്സും കരങ്ങളും ചരണങ്ങളും വെറുതെ ഒരുമിച്ചു കൂട്ടിക്കൊണ്ടിരുന്നു;
കൊല്ലപ്പെട്ടവരാരെന്ന് അറിയാനായി മോഹിച്ചു...
കാലത്തിൻ കതിരു ഞാൻ കാത്തുവെച്ചു ;
അഗ്നി ഗോപിരമായി മമ ശിരസ്സ് വെന്തുരുകവെ
കോമാളികൾ ഗൂഢത വിട്ടുവെളിപ്പെട്ടു
ഈ ചിതറിയ കാല ദശ ആഭരണ ശാലപോലെ കാണപ്പെട്ടു
അല്ലാ, അതൊരു ചതുപ്പാണ്.
കോമാളികൾ ഗൂഢത വിട്ടു വെളിപ്പെട്ടു
ഇനി സത്യസന്ധത മൃതുവാണ്.
മൃത്യു കവികളുടെ റൊട്ടിയും
രാജ്യമെന്ന് പേരിട്ടതും രാജ്യമായി മാറിയതുമെല്ലാം...
കാലത്തിൻ്റെ മുഖത്ത് തെളിയുന്ന ഒരു ഘട്ടം മാത്രം.
കാലത്തിൻ്റെ കതിരുകൾ ഞാൻ കാത്തു വെച്ചു ;
അഗ്നി ഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ.
സ്നേഹത്തിൻ്റെ മരങ്ങൾ കസ്വാബൈൽ ഗ്രാമത്തിന് തണലിട്ടു
മരണത്തിൾ മരങ്ങൾ ബൈറൂത്തിനും...
പിച്ചും പേയും പുലമ്പി
മിർട്ടസ് കാടുകൾ സ്വാന്തനമേകുന്നു...
ഗോരവനങ്ങൾ അഭയമേകുന്നു.
കസ്വാബൈൽ ഗ്രാമം പുഷ്പലതയുടെ
ഭൂപടത്തിൽ പ്രവേശിക്കുകയും സമതലങ്ങൾ
ജലതുള്ളികൾ ഊറ്റിക്കുടിക്കുകയും ചെയ്തു...
ബൈറൂത്ത് മരണത്തിൻ്റെ ഭൂപടത്തിൽ
ചുടലക്കാടായി പരിണമിക്കുന്നു.
മലർവാടികളും ജലപാതവും പാടങ്ങളായി
രൂപ ഭാവങ്ങളിലും ചാരുതയിലും കസ്വാബൈൽ
ഗ്രാമം ചാകര കൊയ്യുമ്പോൾ,
ബൈറൂത്ത് ചോർന്നൊലിക്കുന്നു.
ഒന്നിനു വിദൂരമായത് മറ്റേതിന് അടുത്താകുന്നു.
എൻ്റെ ഭൂപടത്തിൽ കൂടികലരുന്ന ഈ ചോരപ്പാടുകളേത്?
വേനൽ വറ്റി വരണ്ടു, ശരത്കാലം വന്നതുമില്ല
വസന്തം ഭൂമിയുടെ സ്മൃതി നാളത്തിലെരിയുന്ന
കറുത്ത പുള്ളിയായ്, ശൈത്യമായ് പരിണമിച്ചു.
ആസന്ന മരണവും രക്തക്ഷതങ്ങളും
മരണത്തെ പോലെ
ഔദ്യോഗിക അടയാളങ്ങളായി,
സ്വേചാധിപൻ്റെ പാത്രത്തിൽ നിന്നും
ന്യായാധിപന്റെ കരവലയത്തിൽ നിന്നും പുറത്തു ചാടി ഗതികെട്ട കാലം.
സമയത്തെ മുറിച്ചു കടക്കുകയും വായുവെ തിന്നു കാഷ്ടിക്കുകയും ചെയ്യുന്ന കഷ്ടകാലം,
എവിടെ നിന്നെങ്ങനെ നിങ്ങൾക്കതിനെ മനസ്സിലാക്കാൻ കഴിയും!
പഴുതില്ലാത്ത ഘാതകന് എല്ലാ പഴുതുകളും...
കാലത്തിൻ കതിരു ഞാൻ കാത്തുവെച്ചു;
അഗ്നിഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ,
തകർന്നടിയപ്പെട്ടവനായി ഞാനിപ്പോൾ തിരിഞ്ഞു നോക്കി,
ഈ തുണി കണ്ഡങ്ങൾ എന്താണ്?
തീയ്യതികളോ അതോ നാടുകളോ ആണവ?
സന്ധ്യാ പാറക്കെട്ടുകൾക്കു മുകളിൽ കൊടികളാണോ?
ഇവിടെ ഈ നിമിഷത്തിൽ തലമുറകളെ ഞാൻ വായിച്ചെടുക്കുന്നു; ഒരു മൃതശരീരത്തിൽ ആയിരം മൃതശരീരങ്ങളെയും,
നിസ്സംഗതയോടെ തിരമാലകൾ എന്നെയിതാ കീഴടക്കുന്നു.
എൻ്റെ ശരീരം എൻ്റെ നിയന്ത്രണത്തിൽ നിന്നും തെന്നിമാറുന്നു.
എൻ്റെ വദനം ദർപ്പണത്തിലേക്ക് മടങ്ങി എത്തുന്നില്ല.
എൻ്റെ രക്തം ധമനികളിൽ നിന്ന് പിന്തിരിഞ്ഞോടുന്നു.
കാരണം, എൻ്റെ സ്വപ്നങ്ങളെ പ്രതിഭിംബിപ്പിക്കുന്ന വെട്ടം ഞാനിപ്പോൾ ദർശിക്കുന്നില്ല.
കാരണം, ഞാൻ പ്രപഞ്ചത്തേക്കാൾ അപ്പുറത്തറ്റത്തായി മാറിയിരിക്കുന്നു;
ഞാനല്ലാത്തവരെയെല്ലാം അനുഗ്രഹിച്ചതായ പ്രപഞ്ചം
ഞാൻ അതിനു മുകളിലൂടെ തുഴയുകയാണോ?
എൻ്റെ അന്തരാളങ്ങളിൽ കുമിഞ്ഞു കൂടുകയും
അഭിലാഷകാനത്തിനിടയിൽ ചലിക്കുന്നതും എന്താണ്?
നാടുകളോ...? രക്ത പുഴകളോ...? മുദ്രാ രേഖകളോ?
അന്തർജാതികൾക്കും വംശവർഗ്ഗങ്ങൾക്കും
കാലദശകൾക്കും സമൂഹങ്ങൾക്കുമിടയിൽ?
എന്നിൽ നിന്ന് എന്നെ വിഭജിക്കുന്നത് എന്താണ്?
എന്നെ തച്ചുടക്കുന്നത് എന്താണ്?
ഞാൻ വിലങ്ങനെയുള്ള വഴികളിൽ വഴിമുട്ടി നിൽക്കുകയാണോ?
എൻ്റെ വഴി, വെളിപ്പെടേണ്ട നിമിഷങ്ങളിലൊന്നും
വഴിയായി പരിണമിക്കുന്നില്ലെ?
ഞാൻ ഒന്നിലധികം വ്യക്തികളുടെ സങ്കരമാണോ?
എൻ്റെ ചരിത്രം എൻ്റെ പഥനമാണോ?
എൻ്റെ ഭാവി എൻ്റെ അഗ്നിനാശമാണോ?
പൊട്ടിച്ചിരിയായ് കടന്നു വരുന്നത് ശ്വാസംമുട്ടിയ എൻ്റെ ശരീരാംഗങ്ങളിൽ നിന്നും കയറി വരുന്ന എന്തോ ഊർജമാണോ?
"താൻ ആരാണ്?" "താൻ എവിടെ നിന്നാണ്?" എന്ന് പരസ്പരം ആരായുന്ന പലരും കൂടിയതാണോ ഞാൻ?
എൻ്റെ അവയവങ്ങൾ രണ്ട് വനങ്ങളാണോ?
രക്തത്തിൽ കാറ്റും ശരീരത്തിൽ ഇലകളുമാണോ?
എനിക്ക് ഭ്രാന്താണോ?
ഈ തമസ്സിൽ ഞാൻ ആരാണ്?
എന്നെ പഠിപ്പിക്കൂ, എന്നെ ധരിപ്പിക്കൂ;
അല്ലയോ ഭ്രാന്താ...
ഞാൻ ആരാണ് സുഹൃത്ത്ക്കളെ?
അല്ലയോ ദർശകരേ, അല്ലയോ അധ:സ്ഥിതരേ,
ഈ ചർമ്മമൂടുപടം അഴിച്ച് വെച്ച് പുറത്തിറങ്ങാൻ എനിക്ക് സാധിച്ചുരുന്നെങ്കിൽ
ഞാൻ ആരായിരുന്നുവെന്ന് എനിക്ക് അറിയില്ല
ഞാനൊരു നാമത്തിനായി തിരയുകയാണ്, നാമകരണം ചെയ്യാൻ ഒരു വസ്തുവിനായി അലയുകയാണ്.
നാമകരണതിനായി ഒന്നുമില്ല !
അന്തമായ കാലം, അന്തവും കുന്തവും ഇല്ലാത്ത ചരിത്രം
ചെളിപുരണ്ട കാലം, ചരിത്ര കുപ്പത്തോട്....
ഉടമ അടിമയാണ്, അല്ലയോ തമസ്സേ... നീയെന്തൊരൽഭുതം !
കാലത്തിൻ കതിരു ഞാൻ കാത്തു വെച്ചു,
അഗ്നിഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ
അവസാനമായി പെയ്ത മഴ റെക്കോർഡിൽ ചെർക്കപ്പെടുന്നു
ആദ്യം പെയ്ത മഴ എണ്ണയോടും ചേർക്കപ്പെടുന്നു
ഈന്തപ്പനയുടെ ദേവൻ മുട്ട് കുത്തി;
ഇരുമ്പിൻ്റെ ദേവന് മുമ്പിൽ
ഞാൻ ഇരു ദേവന്മാർക്കിടയിൽ ചിന്തപ്പെട്ട രക്തമാണ്
നിമ്നോന്നതമായ മടക്കയാത്രാ സംഘവും
ഞാൻ അണഞ തീ അണക്കാൻ ശ്രമിക്കുകയാണ്
എന്താണ് നിർവ്വാഹമെന്ന് ചിന്തിക്കുകയാണ്;
വിജനതയിൽ അനിയന്ത്രിതമായി ഉലയുന്ന എന്റെ മരണത്തെ.
ഞാൻ നെയ്തെടുത്ത ലോകം, ഇടനാരിക അഴിഞ്ഞു പോകുന്നു
എന്നെ കാറ്റടിച്ചുഴലുന്നതായി ഞാൻ ദർശിക്കുന്നു, പഥനത്തിന്റെ രാത്രിൽ ഞാൻ ആപതിക്കുന്നതായും ദർശിക്കുന്നു
പൊയ് വഴികൾ. വഞ്ചകരായ പിശാചുക്കൾ
ഇന്ന്, ഭ്രാന്ത് നിങ്ങളെ എങ്ങനെ സ്തംഭിപ്പിക്കാതിരിക്കും?!
ഇപ്രകാരം ഞാൻ തീറ്റയിൽ നിന്ന് തീറ്റക്കാരിൽ നിന്നും വിട്ടു നിൽക്കുന്നു, എല്ലാ നിരർത്ഥതയിലും ഞാൻ ആശ്വാസത്തിനായി ചെല്ലുന്നു
എന്റെ സ്വപ്നത്തിൽ ഞാൻ ഊളയിടുകയും
അതിരുവിട്ട് ആടിയുലയുകയും ചെയ്യുന്നു
എന്നത് മാത്രമാണ് എന്റെ ആശ്വസം;
തിരസ്കരണേച്ഛയുടെ ഗീതങ്ങളാലപിച്ച് ഞാൻ തെറി പറയുന്നു
ശുക്രദശ എന്റെ കാലത്തിന്റെ മഞ്ചീര ശിഞ്ചിതം,
മകരം കങ്കണങ്ങളും
പുഷ്പങ്ങൾ ചേതോഹരമായ ചട്ടികളിൽ ഉയർന്നു നിൽക്കുന്നു
എന്റെ ആശ്വാസം ഞാൻ ആ ബാൽകണിയിൽ നിന്ന് പുറത്ത് ചാടി എന്നതാണ്; ഞാൻ വിമതരുടെ ചേഷ്ടകളിൽ വിഹരിക്കുന്നു എന്നതുമാണ്
ഇങ്ങനെ ഞാൻ തുടങ്ങട്ടെ
എന്റെ മണ്ണും അതിന്റെ വായു അറകളും ഞാൻ കാത്തുവെക്കട്ടെ
ദേഹം സമുദ്രമാണ്; സ്നേഹം അലിഞതാണ്,
അവലപിച്ചുകൊണ്ട് സൂര്യനുമുണ്ട് കൂട്ടിനായ്
ദേഹം ഇടി മുഴക്കി വിട പറയുന്നു, ആർദ്രതയുടെ നങ്കൂരമിട്ടുനിൽക്കുന്നു
ദേഹം ഒരു വാഗ്ദാനമാണ്; ദേഹിയായ ഞാൻ അസന്നിഹിതനും
ഈ പന്തയത്തിൽ നിന്ന് ഞാൻ ഉദിച്ചുയരുന്നു
ദേഹം...
സ്നേഹമഴയുടെ പ്രകാശത്താൽ പൂച്ചെടികളുടെ മുഖം അവർ മൂടി
അങ്ങനെ തന്നെ സംഭവിക്കട്ടെ...
കാലത്തെ വരുന്ന വഴിക്കു തന്നെ ഞാൻ കാത്തുസൂക്ഷിക്കുന്നു;
അനിയന്ത്രിതനായി ഞാൻ നടക്കുന്നു....
അധിപന്റെ നടത്തം, എന്റെ രാജ്യത്തിന്റെ അതിരു ഞാൻ നിശ്ചയിക്കുന്നു
അതിൽ നിങ്ങളും കയറു; അതിന്റെ ഏറ്റവും അറ്റത്തേക്ക്
അതിലേക്ക് നിങ്ങളും ഇറങ്ങി വരൂ; അതിന്റെ അന്തരാളങ്ങളിലേക്ക്
അവിടെ ഭയമോ ബന്ധനമോ നിങ്ങൾ ഒരിക്കലും ദർശിക്കില്ല.
അവിടെ പക്ഷികൾ ചില്ലകൾ പോലെയായിരിക്കും
ഭൂമി കുഞ്ഞിനെ പോലെയും ഐതിഹ്യങ്ങൾ സ്ത്രീകളും...
സ്വപ്നം ?
എനിക്ക് പുറകിൽ വരുന്നവർക്കായി ഈ ചക്രവാളം വെട്ടിപിടിക്കാൻ ഞാൻ നൽകുകയും ചെയ്യും
💥💥
ReplyDeleteExcelent
ReplyDelete👏
ReplyDelete