Wednesday, August 25, 2021

ഞാൻ കണ്ട മഹ്ഷറ



 ഞാൻ കണ്ട മഹ്ഷറ

-ആസിയ ഹംദ 

പി.ജി. ഒന്നാം വർഷം


   മയം സന്ധ്യയോടടുക്കുന്നു. മഗ്രിബ് ബാങ്കിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ട് മാലാഖമാരുടെ അകമ്പടിയോടെ ഞാൻ ആ കവാടത്തിലേക്ക് പ്രവേശിച്ചു. തീർത്തും അപരിചിതമായ ഇടം. കൂടെ ഉണ്ടായിരുന്ന മാലാഖമാരിൽ ഒരാൾ എനിക്കെന്റെ ഇടം കാണിച്ചു തന്നു. ഞാൻ അവരുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി, പരിഭ്രമം വിട്ടുമാറാത്ത മിഴികളോടെ നിസ്സഹായയായി അവരെ അനുസരിച്ചു. വിധി കാത്ത് കിടക്കുന്ന ഒത്തിരി പേരുടെ ഇടയിലേക്ക് പുതിയൊരഥിതിയായി ഞാനും! എന്നെ പോലെ അവിടെ വേറെയും മൂന്ന് പേർ ഉണ്ട് . ആഥിതേയത്ത മര്യാദകളൊന്നുമില്ലാതെ അവരെന്നെ നിശബ്ദമായി സ്വാഗതം ചെയ്തു! ഒരു മാലാഖ എന്റെ അരികത്ത് വന്നിരുന്ന് കുശലാന്വേഷണം നടത്തുന്നുണ്ട്, വിചാരണയാണോ എന്ന് മനസ്സിലാവാതെ ഞാൻ അവരുടെ കണ്ണുകളിലേക്ക് പരിഭ്രമത്തോടെ നോക്കി നിന്നു. അവരുടെ കയ്യിലെ മാരകായുധത്തിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും. അതിന്റെ കൂർത്ത മുന എന്നെ ഭയപ്പെടുത്തി,എന്നെ കുത്തരുതേ, എന്നയാചനയോടെ എന്റെ മിഴികൾ നിറയാൻ തുടങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു, എന്റെ വലതു കൈതണ്ടയിലേക്ക് ആ ആയുധം കുത്തിയിറക്കി. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.കരയുന്നുണ്ട്, പക്ഷേ ശബ്ദം വരുന്നില്ല! ആർത്തു കരഞ്ഞിട്ടും കാര്യമില്ലല്ലോ! കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്നിൽ നിന്നും വലിച്ചൂറ്റിയ രക്തവുമായി മുന്നിൽ ആ മാലാഖ!


   "കഴിഞ്ഞുട്ടോ ! മോൾക്ക് വേദനിച്ചോ?"


 ആ മാലാഖയുടെ ചോദ്യത്തിൽ എന്റെ വേദനയെല്ലാം അലിഞ്ഞില്ലാതായി.


 "ഇല്ല" 


ഞാൻ തലയാട്ടി. ഞാൻ എന്റെ കയ്യിൽ തടവി നോക്കി . ചെറുതായിട്ട്  നോവുന്നുണ്ട്, എങ്കിലും വലിയ പ്രശ്നമില്ല! 

പുതിയ ആയുധങ്ങളുമായി അടുത്ത മാലാഖ വരുന്നുണ്ട്! എനിക്കാകെ പേടി തോന്നി! ആ മാലാഖ എന്നെയും കടന്ന് പോയി! ഹാവൂ അവരുടെ ലക്ഷ്യം ഞാൻ അല്ല ! ഞാൻ സ്വയം ആശ്വസിച്ചു! 

ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്നറിയില്ല! മഗ്രിബ് നിസ്കരിച്ചിട്ടില്ലെന്ന യാഥാർത്യം എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. 


"ഞാൻ നിസ്കരിച്ചിട്ട് വരട്ടേ.?"


 അടുത്തിരിക്കുന്ന മാലാഖയോട് ഞാൻ കെഞ്ചി! ആദ്യമവർ വിസമ്മതിച്ചെങ്കിലും എന്റെ ഈറൻ പറ്റിയ മിഴികൾ കണ്ടിട്ടാണെന്ന് തോന്നുന്നു , അവർ സമ്മതം മൂളി. അങ്ങനെ ആ കവാടം വിട്ട് പുറത്തിറങ്ങുമ്പോൾ ജയിൽ വാസം കഴിഞ്ഞ് ജാമ്യത്തിനിറങ്ങിയ പ്രതീതിയായിരുന്നു എനിക്ക്. മഗ്രിബ് നിസ്കരിച്ചു , നാഥനിലേക്ക് ഇരുകരങ്ങളുയർത്തി മിഴിനീർ വാർത്തു. അപ്പോഴേക്കും വീണ്ടും ആ മാലാഖമാരുടെ വിളി എത്തി. 


"ഡോക്ടർ വിളിക്കുന്നു. "


നിസ്കാര പായയിൽ നിന്നും വീണു കിട്ടിയ ആത്മധൈര്യം കയ്യിലെടുത്ത് സാവകാശം ഡോക്ടറുടെ മുറിയിലെത്തി. ഡോക്ടറുടെ ലക്ഷ്യമെന്താണെന്നറിയാതെ ഡോക്ടറെ ദയനീയമായി നോക്കി.


 ''ഉള്ളു പരിശോധിക്കണം"


അല്ലാഹ്, അടുത്ത പരീക്ഷണം. ഹൃദയം വീണ്ടും അസ്വസ്ഥമാവുന്നു. വേദനകളെല്ലാം സ്വയം കടിച്ചമർത്തി. മൗനം കൊണ്ട് പ്രതികരിച്ചു. പരിശോധന കഴിഞ്ഞു.


 "വികസനം രണ്ട് ഒള്ളൂ , നമുക്ക് വേദന വരാൻ മരുന്ന് കയറ്റാം."


 എന്ത് വന്നാലും സഹിക്കാമെന്ന ആത്മധൈര്യത്തിൽ വീണ്ടും ആ കവാടത്തിലേക്ക്, ഞാൻ എന്റെ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു. അവർ എന്തൊക്കെയോ എന്റെ കയ്യിലൂടെ കയറ്റുന്നുണ്ട്. നന്നായി വേദനിച്ചു! പ്രതികരിച്ചില്ല! സൂചി കണ്ടാൽ തന്നെ കരയുന്ന ആളായിരുന്നു. ഇതിലും വലിയതൊക്കെ സഹിക്കാനാണല്ലോ ഇവിടെ കിടക്കുന്നത് എന്നോർത്തപ്പോൾ കരച്ചിൽ വന്നില്ല. എന്തോ ഒരു മരുന്ന് ഒറ്റി ഒറ്റി എന്റെ കയ്യിലേക്ക് ബന്ധിച്ച പൈപ്പിലൂടെ ഞരമ്പിലേക്ക് പ്രവഹിക്കുന്നുണ്ട്! വേദന വരാനുള്ള മരുന്നാത്രേ! നിർവികാരയായി ഞാൻ വേദനയെ കാത്തുകിടക്കുകയാണ്! കയ്യിലേക്ക് ബന്ധിച്ച കയറിലേക്ക് നോക്കി എന്നെ പോലെ അവിടെ വേറെയും മൂന്നു പേരുണ്ട്. കെട്ടിയിട്ട കാലികൾ ഇത്തിരി വട്ടത്തിൽ മേയുന്ന പോലെ അവരെല്ലാം ആ കയറ് വലിച്ച് കട്ടിലിന്റെ ചുറ്റും നടക്കുന്നുണ്ട്.


 "മോളേ.... നടന്നോ എന്നാലേ വികസനം വരൂ" 


എനിക്കെന്തോ നടക്കാനൊന്നും തോന്നിയില്ല. കെട്ടിയിട്ടതും പോര ഇനി നടക്കുകയും വേണം. ഞാൻ ഏതയാലും ആ സാഹസത്തിന് മുതിർന്നില്ല! മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ബോട്ടിലിൽ നിന്നും ഉറ്റി ഉറ്റി വീഴുന്ന മരുന്നിലേക്കും, നിശബ്ദതയെ ഭേദിച്ച് ചലിച്ചു കൊണ്ടിരിക്കുന്ന ഘടികാര സൂചിയിലേക്കും മാറി മാറി നോക്കി. ഇനി എത്ര നേരം ഇവിടെയിങ്ങനെ കിടക്കണം!! വേദന ഇപ്പോഴൊന്നും വരുമെന്ന് തോന്നുന്നില്ല! ഞാൻ അതിലൊരു മാലാഖയെ വിളിച്ച് എന്റെ അരികത്തിരുത്തി കുശലം പറയാൻ തുടങ്ങി, അവരെന്റെ വയറിൽ തടവി, കുഞ്ഞാവയുടെ ചലങ്ങൾ നിരീക്ഷിച്ചു കൗതുകപ്പെട്ടു! ആ മാലാഖമാരിൽ ഒളിഞ്ഞു കിടക്കുന്ന മനുഷ്യത്വം ഞാൻ വായിച്ചറിയുകയായിരുന്നു. പുതിയ കൂട്ടുകെട്ടുകൾ കിട്ടിയ സന്തോഷമായിരുന്നു എനിക്കപ്പോൾ! അൽപ സമയം കഴിഞ്ഞ് വയറ് കഴുകി വയറ്റിലുള്ളതെല്ലാം ഒഴിപ്പിച്ചിട്ട് അവർ റൂമിലേക്ക് വിട്ടു, ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാൻ . കഞ്ഞി തന്നെ ശരണം! കഞ്ഞിയൊരിത്തിരി കുടിച്ചെന്ന് വരുത്തി വീണ്ടും ആ പരീക്ഷണാലയത്തിലേക്ക്! കൈകൾ കെട്ടിയിട്ട് കട്ടിലിൽ തന്നെ കിടന്നു ! എല്ലാവരും നടക്കുന്നത് കണ്ടപ്പോൾ ഒന്ന് നടന്ന് നോക്കാൻ തോന്നി! രണ്ടടി മുന്നോട്ട് വെക്കുമ്പോഴേക്കും കയ്യിൽ കെട്ടിയ കയർ വലിയുന്നു, പിന്നെ രണ്ടടി പിന്നോട്ട് തന്നെ, എന്നെ കൊണ്ടൊന്നും വയ്യ  ഇത്ര റിസ്ക് എടുത്ത് നടക്കാൻ! എല്ലാവരുടെയും നടത്തം ആസ്വദിച്ച് കൊണ്ട് ഞാൻ വീണ്ടും എന്റെ കട്ടിലിൽ കയറി കിടന്നു. കൂട്ടിനൊത്തിരി മാലാഖമാരെ കിട്ടിയത് കൊണ്ട് ബോറടിച്ചില്ല. ഫാനിന്റെ സീൽക്കാരങ്ങളില്ല, ചീവീടിന്റെ സംഗീതമില്ല, തീർത്തും ശാന്തമായ അന്തരീക്ഷം, 

        പെട്ടെന്നാണ് ... എന്തോ ഒരു അലർച്ച കേട്ടത്! ഞാൻ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി! അതാ ഒരു സ്ത്രീ തന്റെ വയറും താങ്ങി കവാടം കടന്നു വരുന്നു! ഡോക്ടറേ...... ന്ന് നിലവിളിച്ച് ഭയങ്കര ആർപ്പും വിളിയും! തൊണ്ട പൊട്ടുമാറ് നിലവിളിക്കുന്നുണ്ട്! ഞാൻ ആകെ പേടിച്ചു പോയി! 


"സിസ്റ്ററേ ഒന്ന് വരൂ! "


ഞാൻ ഒരു മാലാഖയോട് കെഞ്ചി! 


"എന്താ മോളേ ?"


യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആ മാലാഖ ചോദിച്ചു. 


"എനിക്ക് ഇവിടെ നിന്നും പോവണം, ആ താത്ത കരയുന്നത് കണ്ടിട്ട് എനിക്കാകെ പേടിയാവുന്നു!"


 ഞാനും കരയാൻ തുടങ്ങി! എന്റെ പ്രതികരണം കണ്ടപ്പോൾ അവിടെയുള്ള മാലാഖമാർ എല്ലാം ചിരിക്കുകയാണ് ചെയ്തത്! എനിക്കെന്തോ ചിരിയൊന്നും വന്നില്ല! ആ താത്ത ഇവിടെ കിടന്ന് കരയുമ്പോൾ എനിക്കിവിടെ കിടക്കാൻ കഴിയൂല! ഞാൻ തീർത്തു പറഞ്ഞു. 


"എനിക്ക് എന്റെ ഉമ്മച്ചിനെ കാണണം !!"


 ഞാനും ഒരു കൊച്ചു കുട്ടിയെ പോലെ വാശി പിടിച്ച് കരഞ്ഞു! അങ്ങനെ എനിക്ക് വേണ്ടി അവർ ആ താത്തയെ എവിടെക്കോ മാറ്റി ! എനിക്ക് പുറത്ത് പോയി ഉമ്മച്ചിയെ കാണാൻ അനുവാദവും തന്നു! ഉമ്മച്ചിയുടെ അടുത്തെത്തിയ ഞാൻ വീണ്ടും കരഞ്ഞു! 


"അവിടെ ഒരു താത്ത കരയുന്നുണ്ട് ! ഞാൻ അങ്ങോട്ട് പോവുല !! എനിക്ക് പേടിയാണ് !!"


 ആ താത്തയെ അവിടെ നിന്നും മാറ്റിയിട്ടുണ്ട് എന്ന് പറഞ്ഞ് വീണ്ടും ആ മാലാഖമാർ എന്നെ അങ്ങോട്ട് തന്നെ ആനയിച്ചു !! ആ താത്തയെ അപ്പുറത്തെ മുറിയിലേക്കാണ് മാറ്റിയതെന്ന് തോന്നുന്നു !! അവർ വേദന കൊണ്ട് മുറവിളി കൂട്ടുന്ന ശബ്ദം ഭിത്തി തുളച്ച് എന്റെ കർണ്ണപുടത്തെ ഭേദിച്ച് കടന്ന് പോകുന്നു. സഹിക്കാൻ കഴിയുന്നില്ല! ചെവിയിൽ വിരലുകളമർത്തി "അള്ളാ... ആ താത്തയുടെ പ്രസവം വേഗം കഴിയണേ" എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കണ്ണുകൾ ഇറുക്കി അടച്ചങ്ങനെ കിടന്നു !

കാതുകളമർത്തി അടച്ചിട്ടും നേർത്ത ഒരു തേങ്ങലായി അവരുടെ നിലവിളി കേൾക്കുന്നുണ്ട്! അള്ളാ... സഹിക്കാൻ കഴിയുന്നില്ലല്ലോ? അതിനിടയിലാണ് ഡോക്ടർ കടന്നു വരുന്നത് ! വീണ്ടും ഉള്ളു പരിശോധന! ഇതിപ്പോൾ മൂന്നാമത്തെ തവണ ആണ് ! വികസനം രണ്ട് തന്നെ !! ഡോക്ടർ മുറി വിട്ട് പോയപ്പോൾ എനിക്കെന്തോ ആത്മധൈര്യം കൈവിടുന്ന പോലെ. 


സിസ്റ്ററേ ഡോക്ടർ വീട്ടിലേക്ക് പോയോ?!


 ഞാൻ പരിഭവത്തോടെ ചോദിച്ചു ! 


"ഹാ, ഡോക്ടർ പോയി!" 


എന്റെ ചോദ്യത്തിലെ പരിഭ്രമം കണ്ടിട്ടാണെന്ന് തോന്നുന്നു അവർ പറഞ്ഞു


 "എന്ത് ആവശ്യം വന്നാലും നമ്മൾ വിളിച്ചാൽ ഡോക്ടർ ഇവിടെ എത്തും ട്ടോ! "


 "പാവം ഡോക്ടർക്ക് ഉറക്കും കിട്ടൂല ലേ!"


 ഞാൻ സഹതപിച്ചു.


 "മോളേ, നിനക്ക് വേദന ഒന്നും ഇല്ലല്ലോ? നീ കുറച്ച് സമയം ഉറങ്ങിക്കോ!"


 ആ മാലാഖ എന്നെ നോക്കി പറഞ്ഞു, ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഉറങ്ങാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല !! വേദനയാൽ പുളയുന്നവരുടെ നിലവിളികൾക്ക് നടുവിൽ ഹൃദയമിങ്ങനെ പെരുമ്പറ കൊട്ടുമ്പോൾ നിദ്രാദേവി കനിയണ്ടേ! സമയമിപ്പോൾ അർധരാതി! 12 മണി കഴിഞ്ഞിട്ടുണ്ട്! ഉമ്മച്ചി ഒക്കെ ഉറങ്ങിയിട്ടുണ്ടാവുമോ? ചിന്ത മുഴുവൻ പുറത്ത് പ്രാർത്ഥിച്ചിരിക്കുന്ന ഉമ്മച്ചിയിലും , എന്റെ പേറ്റുനോവോർത്ത് ഹൃദയം നോവുന്ന ഇക്കയിലുമാണ്.


"ഞാൻ ഒന്നുകൂടെ ഉമ്മച്ചിനെ കണ്ട് വരട്ടേ?"


 ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഉമ്മച്ചിയെ കാണാൻ അനുവാദം ചോദിക്കുന്നത്! മറുവാക്കൊന്നും പറയാതെ അവർ സമ്മതം മൂളിയപ്പോൾ വീണ്ടും ഉമ്മച്ചിയെ കാണാൻ ആ മുറി വിട്ടിറങ്ങി. ഇക്കയും, അവരുടെ ഉമ്മയും എന്റെ തന്നെ മൂത്തമ്മയുമെല്ലാം പുറത്ത് നിദ്രാഹീനരായി ഇരിക്കുന്നുണ്ടെങ്കിലും എന്റെ മിഴികൾ ഉമ്മച്ചിയെ മാത്രം പരതി. ഉമ്മയുടെ മൂല്യം ആ പ്രസവമുറി എന്നോട് വിളിച്ചു പറയുന്ന പോലെ. ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒറ്റപ്പെടലും ഭയാനകതയുമെല്ലാം ഉമ്മയോളം മറ്റാർക്കും വായിച്ചറിയാൻ കഴിയില്ലെന്ന തോന്നൽ ! എനിക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല എന്നും നിങ്ങൾ വെറുതെ ഉറക്കമിളച്ച് തലവേദന വരുത്തേണ്ടെന്നും ആശ്വസിപ്പിച്ച് ഉറങ്ങുവാനുള്ള കൽപനയും കൊടുത്ത് ആ റൂമിലേക്ക് തന്നെ തിരികെ നടക്കുമ്പോൾ ഞാൻ എന്റെ മിഴികൾ നിറഞ്ഞ് തുളുമ്പാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു!

        ആ താത്ത ഇനിയും കരച്ചിൽ നിർത്തിയിട്ടില്ല, പാവം എത്രനേരമായി വേദന സഹിക്കുന്നു. കരച്ചിലിന് ശക്തി കൂടി കൂടി വരുകയാണ്. സഹായത്തിനായി എല്ലാവരെയും വിളിക്കുന്നുണ്ട്, എനിക്കാ മുറി ഒരു മഹ്ശറ പോലെ തോന്നി! മഹ്ശറയിൽ നഫ്സി നഫ്സി എന്ന് വിളിച്ച് മനുഷ്യർ ഓടുമെന്നും, ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടിയാതൊരു സഹായവും ചെയ്യാനാവില്ലെന്നൊക്കെ വായിച്ചും കേട്ടുമുള്ള അറിവാണ്. അതിപ്പോൾ കൺ മുന്നിൽ കാണുന്ന പോലെ


 "ഡോക്ടറേ... സിസ്റ്ററേ..... ഒന്ന് വരൂ... വേദന കൂടുന്നുണ്ട്"


 അവരുടെ നിലവിളി ആ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു! ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി ഒരു സഹായവും ചെയ്യാൻ കഴിയില്ലല്ലോ , എല്ലാം അവനവൻ ഒറ്റക്ക് അനുഭവിക്കണം, ആരൊക്കെയോ ചേർന്ന് അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കരയരുതെന്ന് അനുശാസിക്കുന്നുണ്ട്.

        ആ താത്ത എന്താ പ്രസവിക്കാത്തത് . എനിക്കും ആവലാതി കൂടി കൂടി വന്നു. പെട്ടെന്ന് മാലാഖമാർ എല്ലാം ആ താത്തയെ മാറ്റിയ മുറിയിലേക്ക് ഓടുന്നു, ഒരു ഡോക്ടർ (അസിസ്റ്റന്റ് ) കവാടം കടന്നു ധൃതി പിടിച്ച് വരുന്നു. താത്തയുടെ നിലവിളി കൂടുതൽ ഉച്ചത്തിലാവുന്നു. 


അടങ്ങി കിടക്കൂ ....


 ഡോക്ടറും മാലാഖമാരും ആജ്ഞാപിക്കുന്നുണ്ട്, അവർ വേദന കൊണ്ട് പുളയുകയാണ്. അധികം വൈകാതെ മൈൻ ഡോക്ടറും ഓടി കിതച്ച് വരുന്നുണ്ട്. എല്ലാവരും ഉണ്ടായിട്ടെന്താ, ആ താത്തയുടെ വേദനക്ക് ഒരു കുറവും കിട്ടുന്നില്ലല്ലോ! എന്റെ ഹൃദയ താളം കൂടി കൂടി വന്നു. മിഴികൾ നിറഞ്ഞു കവിയുന്നു. അല്ലാഹ്.... ആ താത്ത എന്താ ഇനിയും പ്രസവിക്കാത്തത്. ഈ വേദനയെല്ലാം അനുഭവിക്കാനാണല്ലോ ഞാനും ഇവിടെ കിടക്കുന്നത്. സമനില തെറ്റുന്ന പോലെ തോന്നുന്നു! എന്തൊക്കെയോ ഓർത്ത് പേടിച്ച് കിടക്കുന്നതിനിടയിലാണ് ചിന്തകളെ ഭേദിച്ച് കൊണ്ട് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ കേൾക്കുന്നത്!

         അൽഹംദുലില്ലാഹ്! ആ താത്ത പ്രസവിച്ചിരിക്കുന്നു. താത്തയുടെ കരച്ചിൽ ഇനി കേൾക്കേണ്ടല്ലോ എന്നാശ്വസിച്ചു. കുറച്ച് സമയം താത്ത കരഞ്ഞില്ല. കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി കേൾക്കുന്നു. കുറച്ച് സമയത്തിന് ശേഷം ഒരു മാലാഖ ആ താത്തയുടെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടു. ഞാൻ അത് ഇമ വെട്ടാതെ നോക്കി നിന്നു. പക്ഷെ അധികം വൈകാതെ എന്റെ ആശ്വാസത്തെ ഖണ്ഡിച്ചു കൊണ്ട് താത്ത വീണ്ടും കരച്ചിൽ തുടങ്ങി.


 "ഞങ്ങളെ ചവിട്ടരുത് ഒന്ന് അടങ്ങി കിടക്കൂ, ഒന്ന് തുന്നട്ടേ..."


ഡോക്ടർ ആജ്ഞാപിക്കുന്നുണ്ട്. താത്തയുടെ മുറവിളിക്കൊരു കുറവുമില്ല. റബ്ബേ ഇതെന്തൊക്കെയാണ് നടക്കുന്നത്! അപ്പോൾ പേറ്റുനോവിനാൽ തീരുന്നതല്ലേ ഈ പരീക്ഷണം!! ഡോക്ടറുടെ ചീത്തവിളികളുടെയും മാലാഖമാരുടെ ഉപദേശങ്ങളുടെയും താത്തയുടെ നിലവിളിയുടെയും മധ്യത്തിൽ ഞാൻ പകച്ചു നിന്നു. എന്നെകൊണ്ട് ഇതൊന്നും സഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല! എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാലോ...! റബ്ബേ നീ മാത്രമാണ് തുണ! മനസ്സിനെ ഭക്തിസാന്ദ്രമാക്കാൻ ശ്രമിച്ചു! അല്ലാഹ്... എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനുമുള്ള ശക്തി തരണേ... മനമുരുകി പ്രാർത്ഥിച്ചു.

      ആ താത്തയുമായുള്ള മൽപിടുത്തം അവസാനിച്ചെന്നു തോന്നുന്നു ! അന്തരീക്ഷം ഇപ്പോൾ ശാന്തമാണ് ! അൽപസമയത്തിന് ശേഷം അവർ ആ താത്തയെ എന്റെ തൊട്ടപ്പുറത്തുള്ള കട്ടിലിൽ കൊണ്ടുവന്നു കിടത്തി. ഞാൻ അവരെ ദയനീയമായി നോക്കി. ആകെ ക്ഷീണിച്ചവശയായിരിക്കുന്നു. പാവം തോന്നി. 

        എന്റെ ഞരമ്പുകളിലേക്ക് പ്രവഹിക്കുന്ന മരുന്നിന്റെ കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്. അല്ലാ .... ഞാനും വേദന കാത്ത് കിടക്കുകയാണല്ലോ.... " ഊരയുടെ ഒരു ഭാഗത്ത് ചെറുതായിട്ട് വേദന അനുഭവപ്പെടുന്നതായി തോന്നി. ഇതാണോ പ്രസവ വേദന ?  അസഹനീയമല്ലെങ്കിലും അതൊരു അസാധാരാണ വേദന ആയിരുന്നു. ഒരു മിനിറ്റ് ചെറിയൊരു വേദന .പിന്നെ അഞ്ച് മിനിറ്റ് ഇടവേളക്ക് ശേഷം വീണ്ടും വേദന. വേദനയങ്ങനെ വന്നും പോയും നിൽക്കുന്നു. ഇടക്കിടക്ക് ഉള്ളു പരിശോധനക്ക് ആൾ വരുന്നുണ്ട്. വികസനമപ്പോഴും രണ്ട് തന്നെ. 

         എന്റെ തന്നെ വേദനയെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്പുറത്തെ കട്ടിലിൽ നിന്നും നിലവിളി ഉയരുന്നു.


 "സിസ്റ്ററേ... നല്ല വേദനയുണ്ട്" 


സിസ്റ്റർ ഓടി വന്ന് ഉള്ളു പരിശോധിക്കുന്നു.


 "വികസനം ആയിട്ടില്ല. മുക്കാൻ പാടില്ല ട്ടോ!"


 അപ്പോഴാണ് ഞാൻ അവിടെ ചുമരിൽ എഴുതി ഒട്ടിച്ചത് ശ്രദ്ധിച്ചത്. "നന്നായി വികസനം വരാതെ മുക്കരുത്. ഗർഭപാത്രം പൊട്ടാൻ സാധ്യതയുണ്ട്." മുക്കാൻ ആയിട്ടില്ല എന്ന് ഇടക്കിടക്ക് അവർ ആ താത്തക്ക് താക്കീത് നൽകുന്നുണ്ട്. 


"വേദന കൂടുന്നുണ്ട്, നന്നായി വേദനിക്കുന്നുണ്ട്."


  താത്ത വേദന കൊണ്ട്  പുളയാൻ തുടങ്ങി. അവർ വീണ്ടും ഉള്ളു പരിശോധിച്ചു.വികസനം ആയിട്ടാണെന്ന് തോന്നുന്നു, പെട്ടെന്ന് തന്നെ അപ്പുറത്തെ മുറിയിലേക്ക് മാറ്റി. ഈ  താത്ത കൂടുതൽ കരയുന്നതൊന്നും കേട്ടില്ല! അധികം വൈകാതെ തന്നെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു . 

      ഹാവൂ അങ്ങനെ അവരുടെതും കഴിഞ്ഞു. ഞാൻ വീണ്ടും എന്റെ ഊഴം കാത്ത് കിടക്കുകയാണ്.  വേദന ചെറുതായിട്ട് കൂടി വരുന്ന പോലെ തോന്നുന്നു. ഇതാണോ വേദന എന്നൊന്നും അറിയില്ല. ഏതായാലും വേദനയുള്ള കാര്യം ആരോടും പറഞ്ഞില്ല.

        ഇതിപ്പോ രാത്രിയാണോ പകലാണോ എന്നൊന്നും മനസ്സിലാവുന്നില്ല. പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേധിച്ചിരിക്കുന്നു. അവിടെയിപ്പോൾ കിളികൾ ചിലക്കുന്നുണ്ടാവുമോ? കാറ്റ് വീശുന്നുണ്ടാവുമോ? ഒന്നും അറിയില്ല. ഞാൻ എന്റെ ലോകം വിട്ട് ഈ മുറിക്കുള്ളിൽ ബന്ധിക്കപ്പെട്ടിട്ട് മണിക്കൂറുകളേ ആയിട്ടൊള്ളുവെങ്കിലും ആ മണിക്കൂറുകൾക്ക് ആണ്ടുകളുടെ ദൈർഘ്യമുള്ളതായി തോന്നി.

      ഈ രാത്രി അവസാനിച്ചെന്നു തോന്നുന്നു. അവിടെ ഉണ്ടായിരുന്ന മാലാഖമാർ ഒക്കെ മാറി പുതിയ മാലാഖമാർ കടന്നു വരുന്നു. പകൽ ഇവർക്കാണ് ഡ്യൂട്ടി എന്ന് തോന്നുന്നു. പരിചയപ്പെട്ടവരെല്ലാം പടിയിറങ്ങി അപരിചിതർ സ്ഥാനം പിടിച്ചപ്പോൾ വീണ്ടും ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി.


 "ഇനി പുറത്ത് പോയി ഭക്ഷണം കഴിച്ച് കുളിച്ച് വന്നോളൂ."


 അവരുടെ കൽപന വന്നപ്പോഴാണ് സമയം ശ്രദ്ധിച്ചത് . 7 മണി കഴിഞ്ഞിരിക്കുന്നു. പുറത്തിപ്പോൾ സൂര്യനുദിച്ചു കാണും. കിളികൾ കൂടുവിട്ടിറങ്ങി കാണും. പുറംലോകം കാണാൻ മനസ്സ് വെമ്പുന്നു. കയ്യിൽ കെട്ടിയിട്ട മരുന്നു വള്ളിയൊക്കെ അഴിച്ചുമാറ്റി സ്വതന്ത്രയായി നടന്നു.

         റൂമിലെത്തി ഭക്ഷണം കഴിക്കുമ്പോഴും ഞാൻ കഴിഞ്ഞു പോയ രാത്രിയെ മനപൂർവ്വം മറക്കാൻ ശ്രമിച്ചു. പക്ഷെ ഊരക്ക് ചുറ്റും വേദന ശക്തി കൂടി വരുന്നത് കൊണ്ട് യാഥാർത്ഥ്യങ്ങളെ വിസ്മരിക്കാനായില്ല. വേദനയുള്ള കാര്യം ഉമ്മച്ചിയോടൊന്നും പറഞ്ഞതുമില്ല. ഭക്ഷണം കഴിച്ച് കുളി കഴിഞ്ഞപ്പോഴേക്കും വീണ്ടും ആ ഏകാന്തതുരുത്തിലേക്ക് എഴുന്നള്ളാൻ സമയമായി. വേദന വരുന്നുണ്ടോ എന്ന ഉമ്മച്ചിയുടെ ചോദ്യത്തിന് "ചെറുതായിട്ട് " എന്ന് മറുപടി പറഞ്ഞു. വേദന കൂടി കൂടി വരുന്ന പോലെ തോന്നുന്നുണ്ട്. പക്ഷെ അത് പറഞ്ഞ് ഉമ്മയെ പേടിപ്പിക്കേണ്ടെന്ന് വിചാരിച്ചു. 

        വീണ്ടും മനസ്സില്ലാ മനസ്സോടെ ആ മുറിയിലേക്ക് തന്നെ '! മനസിൽ അള്ളാഹുവെ മാത്രം സ്മരിച്ച് , നാവിൻ തുമ്പിൽ പ്രാർത്ഥനകൾ ചാലിച്ച് കണ്ണുകളടച്ചങ്ങനെ കിടന്നു. വേദന കൂടി വരുന്നുണ്ടെങ്കിലും ഉള്ളു പരിശോധിച്ചപ്പോൾ വികസനം രണ്ട് തന്നെ. അവിടെയുള്ള മാലാഖമാർ എന്നോട് നടക്കാൻ പറഞ്ഞു. കയറിൽ ബന്ധിക്കപ്പെട്ട് ഒരിത്തിരി വട്ടത്തിൽ മുന്നിലേക്കും പിന്നിലേക്കും ഉലാത്തണം. ആ നടത്തം ഒരു വീർപ്പ് മുട്ടിയ അനുഭവമായി തോന്നി. വേദന വീണ്ടും കൂടി കൂടി വരുന്നുണ്ട്. എന്നാലും സഹിക്കാൻ കഴിയുന്നുണ്ട്. ഞാൻ നടത്തത്തിന് ഊർജം കൂട്ടി. 

          സമയം 11:30 വേദന സഹനത്തിന്റെ പരിധി വിടുന്ന പോലെ ഊരക്ക് ചുറ്റും ഭയങ്കരമായി വേദനിക്കുന്നു. ഒത്തിരി നേരം വേദന നീണ്ടു നിൽക്കും പിന്നെ ഏകദേശം ഒരു മിനിറ്റ് ഇടവേള. വീണ്ടും വേദന. ഓരോ ഇടവേളക്ക് ശേഷവും വീണ്ടും കടന്നു വരുമ്പോഴും  വേദനയുടെ ശക്തി കൂടി കൂടി വരുന്നു. ഊരയിൽ കൈകളമർത്തിവെച്ച് ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. അള്ളാ.... ഇനി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഊരയിലെ വേദന ശരീരമാസകലം പടരുന്ന പോലെ. ഞാൻ കട്ടിലിൽ കയറി കിടന്നു. 


"സിസ്റ്ററേ ഒന്ന് വരൂ..."


 ഒരു മാലാഖ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവരുടെ കൈകളിൽ മുറുക്കി പിടിച്ചു. ഒരു ചേച്ചി എന്റെ അടുത്ത് വന്നിരുന്നു. എന്റെ പുറമൊക്കെ തടവി തന്നു. 


"സ്വലാത്ത് ചൊല്ലിക്കോ മോളേ...'


 എന്നെ തടവികൊണ്ടിരിക്കുന്നതിനിടയിൽ അവർ പറഞ്ഞു. എനിക്ക് സംസം വെള്ളം വായിലേക്ക് ഒഴിച്ചു തന്നു. മത ജാതി വർഗ്ഗ വർണ്ണ വിവേചനമറിയാത്ത മനുഷ്യത്വത്തിന്റെ തനി രൂപം ഞാൻ ആ ചേച്ചിയിൽ വായിച്ചറിഞ്ഞു. ഉള്ളു പരിശോധിച്ചു. വികസനം മൂന്ന്. വേദന ഇത്ര ആയിട്ടും ഇനിയും വികസനം മൂന്ന് ആയിട്ടൊേള്ളോ? ഇനിയുമെത്ര നേരം ഇത് സഹിക്കണം. 


"മോളേ നടന്നോ എന്നാലേ വികസനം കൂടൂ..."


 ചേച്ചിയുടെ കൈകൾ പിടിച്ച് എഴുന്നേൽറ്റ് പതിയെ കാലുകളെടുത്തു വെക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. അസ്ഥികളിലൊക്കെ വേദന തുളച്ച് കയറുന്നു, ശരീരം കുഴയുന്ന പോലെ. വീണ്ടും ഞാൻ ആ കട്ടിലിൽ കിടന്നു.


 "ഡോക്ടറെ ഒന്ന് വിളിക്കോ. എനിക്ക് വികസനം കൂടാനുള്ള മരുന്ന് ഉണ്ടേൽ അതൊന്ന് കയറ്റി തരൂ... "


ഞാൻ കേണപേക്ഷിച്ചു. ഡോക്ടർ ഓടിയെത്തി, പുതിയ മരുന്നെന്തോ എന്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചു. ചേച്ചി എന്നെ ശുശ്രൂഷിച്ച് അരികത്ത് തന്നെ ഉണ്ട്.


 "ചേച്ചീ.... എന്റെ ഉമ്മച്ചി ഒക്കെ പുറത്ത് ഇരിക്കുന്നുണ്ടോ.?"


 "ആ ഉണ്ടല്ലോ നിനക്ക് എന്തെങ്കിലും കുടിക്കാൻ ചോദിക്കണോ.?"


 "വേണ്ട ചേച്ചീ.. എന്റെ ഉമ്മച്ചിനോട് എനിക്ക് വേദന ഉള്ളത് പറയരുത്. ഉമ്മച്ചിക്ക് സഹിക്കൂല."


 "ഇല്ല ഉമ്മച്ചിനോട് പറയൂല ,മോൾ പ്രാർത്ഥിച്ച് കിടന്നോ. ഞാൻ നിനക്ക് ജ്യൂസ് എന്തെങ്കിലും പറഞ്ഞിട്ട് വരാം."


 ചേച്ചി എന്നെ വിട്ട് എഴുന്നേറ്റു. തടഞ്ഞുവെക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ആരോഗ്യമില്ലായിരുന്നു.


 "ചേച്ചീ വേഗം വരണേ..."


 ഞാൻ യാചിച്ചു. ചേച്ചി പെട്ടെന്ന് തന്നെ തിരിച്ചു വന്നു. 


"ചേച്ചീ എനിക്ക് Toilet ൽ പോകണം."


 "ഇപ്പോൾ ടോയിലറ്റിലേക്ക് പോകാൻ പറ്റില്ല."


 "പ്ലീസ് ചേച്ചി. ഞാൻ വേഗം വരാ...."


 "ഇപ്പോൾ പോവാൻ പറ്റില്ല മോളേ..." 


അവർ തീർത്തു പറഞ്ഞു. ഊരയുടെ ചുറ്റിൽ നിന്നുത്ഭവിക്കുന്ന വേദന എല്ലാ അസ്ഥികളിലേക്കും പടർന്ന് കയറുന്നു. ശരീരം തളരുന്നു. ഒപ്പം പ്രാഥമിക കാര്യനിർവഹണ ശങ്കയും. Toilet ലേക്കുള്ള വിലക്കും. ശാരീരികമായും മാനസികമായും ആകെ തളർന്നു. ചേച്ചി ചേച്ചിയുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞും എന്റെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചും എന്റെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നുണ്ട്. വീണ്ടും ഉള്ളു പരിശോധിച്ചു. വികസനം നാല് . 


"അല്ലാഹ് ... ഇത് എപ്പോഴാ പത്ത് ആവാ?"


 "നാല് ആയില്ലെ ഇനി പെട്ടെന്ന് കുടും കഴിയുന്ന പോലെ കുറച്ച് നടന്ന് നോക്കൂ.."


 ചേച്ചി തന്നെ എന്നെ എഴുന്നേൽപിച്ച് നിർത്തി എന്റെ കൈ പിടിച്ച് നടത്തിച്ചു.


 "എനിക്ക് കഴിയുന്നില്ല ചേച്ചീ..." 


        ഞാൻ ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു. ചേച്ചിയുടെ സഹായത്തോടെ പതിയെ കട്ടിലിൽ കിടന്നു. വേദനക്കിടയിൽ അനുവദിച്ച് കിട്ടുന്ന ഇടവേള ഇപ്പോൾ സെക്കന്റുകൾ മാത്രമാണ്. 


ചേച്ചീ ഞാൻ ഇപ്പോൾ മരിക്കും ട്ടോ. ഇനിയും വേദന കൂടിയാൽ എന്നെ കൊണ്ട് സഹിക്കൂല. എന്നെ ഒന്ന് അനസ്ത്യേഷ ചെയ്ത് തരൂ... എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഞാൻ ഇപ്പോൾ മരിക്കും ഇപ്പോൾ മരിക്കും,"


 എന്റെ ശബ്ദം ഇടറുവാൻ തുടങ്ങി. 


"എന്താണ് കുട്ടീ, അങ്ങനെ ഒന്നും പറയരുത്. ഇവിടെ പ്രസവിച്ച് പോയവരാരും മരിച്ചിട്ടില്ലല്ലോ."


         സ്വലാത്ത് ചൊല്ലാനും പ്രാർത്ഥിക്കാനും ഉപദേശിച്ച് ചേച്ചി അരികത്ത് തന്നെ ഉണ്ട്. ആരൊക്കെ ഉണ്ടായാലും വേദന ഞാൻ ഒറ്റക്ക് തന്നെ സഹിക്കണ്ടെ! മനോനില തെറ്റുന്ന പോലെ! മരണം വിളിക്കുന്ന പോലെ! വേദന കൂടി കൊണ്ടിരിക്കുന്നു. വേദനക്കിടയിലെ നേരിയ ഇടവേളയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മുമ്പത്തേതിനെക്കാൾ കൂടുതൽ ശക്തിയാർജിച്ച് വേദന വീണ്ടും കടന്നു വരുന്നു! വേദന സഹനത്തിന്റെ പരിധികൾ അതിക്രമിച്ച് കടന്നിട്ടുണ്ട്. ഇപ്പോൾ തന്നെ മരണത്തെ മുഖാമുഖം കാണുന്നുണ്ട്.  വീണ്ടും ഉള്ളു പരിശോധന . വികസനം ഏഴ് ആയിട്ടുണ്ട്.  മാലാഖമാരും ഡോക്ടറും എനിക്ക് ചുറ്റും നിൽക്കുന്നുണ്ട്. ഞാൻ ചേച്ചിയുടെ കരങ്ങൾ ചേർത്ത് പിടിച്ച് ദയനീയമായി കിടക്കുകയാണ്.  പ്രതികരണ ശേഷിയൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.സഹായത്തിനായി മനം കേഴുന്നുണ്ട്. നിശ്ചലമായി, നിർവികാരയായി, പരസഹായം പ്രതീക്ഷിക്കാതെ മരണ കവാടത്തിൽ ഇനിയുമെത്ര നേരം ഇങ്ങനെ തുടരണം!  വീണ്ടും ഉള്ളു പരിശോധിച്ചു. വികസനം എട്ട് ആയിട്ടുണ്ട് .


"അങ്ങോട്ട് മാറ്റാൻ ആയിട്ടുണ്ട്."


 ഡോക്ടർ ധൃതി പിടിച്ച് ഓടി വന്നു. പരസഹായത്തോടെ ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ആരുടെയൊക്കെയോ കരങ്ങൾ താങ്ങി വേച്ച് വേച്ച് അപ്പുറത്തെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾ നിലത്തുറക്കാത്ത പോലെ! കണ്ണുകളിൽ ഇരുട്ട് പടരുന്നു. എനിക്ക് എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല! എവിടെയൊക്കെയാണ് വേദനിക്കുന്നത്?! ശരീരത്തിനകത്തും പുറത്തും എല്ലാം വേദനയുടെ ആവേഗങ്ങൾ പ്രവഹിച്ചു കഴിഞ്ഞിരിക്കുന്നു!! അള്ളാ... ഞാൻ ഇപ്പോൾ ഇവിടെ മരിച്ചു വീഴുമോ?

     എങ്ങനെയൊക്കെയോ അപ്പുറത്തെ മുറിയിലെത്തി! ആരൊക്കെയോ ചേർന്ന് എന്നെ വേറെ വസ്ത്രം ധരിപ്പിച്ചു. ഉയരമേറിയ ഒരു കട്ടിലിൽ കാണിച്ചു തന്നു. എങ്ങനെയാണ് അതിലേക്ക് കയറിപ്പറ്റിയത് എന്നോർമയില്ല! എന്തൊക്കെയാണ് ചുറ്റിലും നടക്കുന്നത് എന്നൊന്നും മനസ്സിലാവുന്നില്ല.  വികസനം ഇപ്പോൾ പൂർണ്ണമായിട്ടുണ്ട്. 


"മുക്ക്... മുക്ക്...മുക്ക്"


 ഞാൻ സർവ്വ ശക്തിയുമെടുത്ത് മുക്കി. ചേച്ചിമാരും മാലാഖമാരും ഡോക്ടർമാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തളരുന്ന പോലെ. വേദനയും ക്ഷീണവും! ഇനി കഴിയുമെന്ന് തോന്നുന്നില്ല. 


"ഒന്നുകൂടെ മോളേ... ഇപ്പോൾ കഴിയും."


 ഡോക്ടർ ധൃതി കൂട്ടി ഞാൻ സർവ്വശക്തിയുമെടുത്ത് വീണ്ടും ശ്രമിച്ചു. 


"അല്ലാഹു അക്ബർ അല്ലാഹു അക്ബർ....."


ഡോക്ടർ ബാങ്ക് കൊടുക്കുന്നു.

 ബാങ്കിന്റെ ഈരടികൾക്കൊപ്പം  കുഞ്ഞിന്റെ കരച്ചിലും.


 "കഴിഞ്ഞുട്ടോ ,

 ആൺകുഞ്ഞാണ്."


 സമയം 1:57 എന്റെ കുഞ്ഞ് എന്റെ പൊക്കിൾ കൊടി അറുത്തുമാറ്റി ഭൂമിയിലേക്ക് കടന്നു വന്നിരിക്കുന്നു !


 "അൽഹംദുലില്ലാഹ്"


 സർവ്വശക്തന് സ്തുതി. ഞാനൊന്ന് നെടുവീർപ്പിട്ടു. കുഞ്ഞിന്റെ കരച്ചിൽ ഞാൻ ആസ്വദിക്കുകയായിരുന്നു. ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ സംഗീതമായി തോന്നി. നോവുകളെയും വേദനകളെയും അനായാസം മായ്ച്ചു കളയാൻ  ശേഷിയുള്ള സംഗീതം. അതിൽ ലയിച്ചിരിക്കുമ്പോഴാണ്  Delivery കഴിഞ്ഞിട്ടും Placenta പോരാതെ ബുദ്ധിമുട്ടിയവരുടെ കഥകൾ ഓർമ്മ വന്നത്.


 "placenta പോന്നോ മാഡം !?" ഞാൻ


 ആശങ്കയോടെ ചോദിച്ചു. 


"അതൊക്കെ പോന്നോളും , മോൾ സമാധാനപ്പെട്!"


 "എന്റെ കുഞ്ഞ് എവിടെ?? എത്രയാ weight ?...."


 ഞാൻ ചോദ്യശരങ്ങളെറിഞ്ഞു കൊണ്ടിരുന്നു. 


"weight നോക്കട്ടെ ഞങ്ങൾ പറഞ്ഞു തരാം."


 അപ്പോഴേക്കും ഒരു മാലാഖ എന്റെ കുഞ്ഞിനെയുമായി വന്നു. ഞാനുമൊരു ഉമ്മയായിരിക്കുന്നു! എനിക്കെന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം! ഞാൻ എന്റെ കുഞ്ഞിനെ സ്നേഹത്തോടെ നോക്കി.ആ കുഞ്ഞിക്കവിളിൽ ആർദ്രമായൊന്നു ചുംബിച്ചു. അവന്റെ അധരങ്ങങ്ങൾ എന്റെ കവിളിലേക്ക് ചേർത്തു വെച്ച് അവന്റെ ആദ്യചുംബനം എന്റെ കവിളിൽ പതിയുമ്പോൾ എന്നുള്ളിലെ മാതൃത്വം ആനന്ദലഹരിയിലായി. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന വേദനകളെല്ലാം ഞാൻ ഒരു നിമിഷം മറന്നു പോയി. മഹ്ശറ പോലെ ഭയാനകമായി തോന്നിയിരുന്ന ഇടം പതിയെ സ്വർഗ്ഗമായി മാറുന്ന പോലെ! സന്തോഷം മനസ്സിൽ അലതല്ലാൻ തുടങ്ങി.

          പക്ഷേ, കുഞ്ഞിനെ കണ്ട് മതി വരും മുമ്പ് തന്നെ അവർ കുഞ്ഞിനെയും കൊണ്ട് പോയി. ഇനി തുന്നൽ ആണ്. തരിപ്പിച്ചിട്ടുണ്ടെങ്കിലും അവർ സൂചി കുത്തുന്നതും വലിക്കുന്നതു എല്ലാം അറിയുന്നുണ്ട്. നിശബ്ദമായി എല്ലാം  ഏറ്റു വാങ്ങി. 2:30 വരെ അവരുടെ തുന്നൽ ചടങ്ങ് നീണ്ടു നിന്നു. പിന്നെ എന്നെ ആ മുറിയിൽ നിന്നും ആദ്യം കിടന്നിരുന്ന മുറിയിലേക്ക് തന്നെ മാറ്റി. ചേച്ചി എന്റെ കൂടെ തന്നെ ഉണ്ട്. അവർ എനിക്ക് കഞ്ഞിവെളളം തന്നു. പക്ഷെ, കുടിച്ചു തുടങ്ങിയപ്പോഴേക്കും ഞാൻ ഛർദിച്ചു. ഒന്നും കുടിക്കാൻ കഴിയുന്നില്ല! എല്ലാം ഛർദ്ദിക്കുന്നു. ഒപ്പം വയറിളക്കവും ! നല്ല ക്ഷീണം, ഒരിറ്റ് വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ലല്ലോ!!


 "മോൾക്ക് അലർജിയുടെ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു അതാ ഛർദിക്കുന്നത്."


 ഒരു മാലാഖ വന്ന് എനിക്ക് ഗ്ലൂക്കോസ് കയറ്റി തന്നു.


 "ക്ഷീണം മാറാനാ ട്ടോ."


 അവർ ആശ്വസിപ്പിച്ചു. പ്രസവം കഴിഞ്ഞതിന് ശേഷം അഞ്ചിൽ കൂടുതൽ തവണ ചർദിച്ചു. വയറിളക്കത്തിനും കുറവ് തോന്നുന്നില്ല! ചേച്ചി വീണ്ടും എന്നെ സാന്ത്വനിപ്പിച്ച് അവിടെ തന്നെ ഉണ്ട്. 


"എപ്പോഴാ ചേച്ചീ എന്നെ പുറത്തേക്ക് വിടുക!?"


  "നാല് മണിക്കൂർ കഴിഞ്ഞ് കുഴപ്പമൊന്നും ഇല്ലെങ്കിൽ പോവാം, അതിന്റെ മുമ്പ് രണ്ട് വട്ടം മൂത്രമൊഴിക്കണം."


 "ഹാ..."


 ഞാൻ നിർവികാരയായി കിടന്നു. കുറച്ച് സമയത്തിന് ശേഷം ഒരു മാലാഖ എന്റെ കുഞ്ഞുമായി വരുന്നു. കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് ഊർജം കൂടുന്ന പോലെ! 


"കൊളസ്ട്രം കൊടുക്കണ്ടേ?"


 , ഞാൻ ആകാംക്ഷയോടെ ചോദിച്ചു. 


"ഹാ അതിന് കൊണ്ടുവന്നതാ."


 കുഞ്ഞിനെ വാങ്ങി മാറോടണച്ച് പാലൂട്ടുമ്പോൾ വേദനകളും പരിഭ്രമങ്ങളുമെല്ലാം ആ മാതൃത്വ സ്നേഹത്തിന് മുന്നിൽ ആദരവോടെ തല കുനിച്ചു. മഹ്ശറ വാസം കഴിഞ്ഞ് ഞാനിപ്പോൾ സ്വർഗീയ ലോകത്ത് ആനന്ദിക്കുകയാണ്!




22 comments:

  1. ما شاء الله بارك الله

    ReplyDelete
  2. Masha ﹰAllah,fentastic& excellent

    ReplyDelete
  3. ماشاء الله بارك الله 💞

    ReplyDelete
  4. മാഷാ അല്ലാഹ്,

    ReplyDelete
  5. Congratulations! You deserve the success💞
    بارك الله

    ReplyDelete
  6. ما شاء الله 💫، بارك الله

    ReplyDelete
  7. ما شاء الله بارك الله فيك ,🎀

    ReplyDelete
  8. Masha Allah
    1st aaytta inganoru anubavam vaikunna
    Vedhanagelallam athijeevicha ithak orupad congrats.....

    ReplyDelete
  9. Mashallah adipoli aayittund ❤❤

    ReplyDelete