Sunday, August 25, 2024

ഉള്ളും പുറവും



 വാതിലിലൂടെ അവൾ പുറത്തേക്കു നോക്കി. ഉഷ്‌ണകാലം പൊടി പുരണ്ടും ശൈത്യകാലം പുകയിട്ടും പുറത്തെ കാഴ്ചകൾ, ജനാല ചില്ലിലൂടെ മങ്ങിയേ അവൾ കണ്ടിട്ടുള്ളു. ഇനി അവ തുറന്നിട്ടാൽ തന്നെ ജനലഴികൾ ഒരു തടസ്സമാണ്.
മഴ മേഘങ്ങൾ ജലധാരയായി ചിതറി വീഴുന്ന നയനസുഭഗമായ സായാനങ്ങളിൽ, ആവി പാറുന്ന കാപ്പി നുകരവെ പലപ്പോഴും അവൾ അറിയാതെ മോഹിക്കുമായിരുന്നു... ഈ ജനലഴി പിഴുതെറിഞ്ഞാലൊ, ഈ ചില്ല് അടിച്ചു തകർത്താലൊ...! വീട്ടിൽ വായുവും വെളിച്ചവും നിറയട്ടെ. ഒരിക്കൽ അവളത് ചെയ്തു! ഒപ്പം വാതിലും തല്ലി പൊളിച്ചു !! 

മലർക്കെ തുറന്ന ജനാലയും വാതിലും കണ്ട ചിലർ, അവൾക്ക് സ്തോത്രം പാടി: ധീര! സ്വതന്ത്ര !! 

"കള്ളൻ കേറില്ലെ?" എന്ന് ചോദിച്ച ചില "മഡയർ"ക്കുള്ള മറുപടി ജനം നൽകി: "എങ്കിൽ അതിന് പഴിക്കേണ്ടത് കള്ളനെയാണ്, അവളെയല്ല."

ആദ്യമൊക്കെ, തുറസായ ജനാലപ്പടിയിൽ കിളികൾ വന്ന് കളകൂജനം മുഴക്കുന്നതും, വാതിൽ പടിയിൽ പൂച്ച ചുരുണ്ടു കൂടി ഉറങ്ങുന്നതും കണ്ട് അവൾ വാത്സല്യാതിരേകത്താൽ ആനന്ദിച്ചു. അധികം വൈകാതെ , പക്ഷി കാഷ്ടങ്ങൾ കോരലായി അവളുടെ പണി. പൂച്ച കലത്തിൽ നിന്നും മീൻ കട്ടു കൊണ്ടു പോകൽ പതിവായി. ചിലന്തി വലകളും, അഴുക്കും ചേറും ക്ഷുദ്രജീവികളും കൊണ്ട് "ഉളള്" മലിനമായി. 

രാത്രി നായ്ക്കളും കുറുക്കന്മാരും കയറുന്നതും നോക്കി അവൾ കാവലിരുന്നു, തളർന്നു. അവൾ തൂങ്ങിയുറങ്ങിയപ്പോൾ കള്ളന്മാർ യഥേഷ്ടം വീട് കട്ടു മുടിച്ചു. വന്യമൃഗങ്ങളെ അവൾ വിരട്ടി ഓടിക്കാൻ പോരാടി. വന്യ മനുഷ്യരോട് അവൾ പോരാടി തോറ്റു.

1 comment:

  1. പ്രസക്തമായ വാക്കുകൾ..
    കാലികമായ വായന..

    Share Max.🤍

    ReplyDelete