Monday, October 21, 2024

താഴിട്ട ഹൃദയം

നിന്റെ മനസ്സിന് രോഗം ബാധിച്ചത് നിന്റെ തെററ് കൊണ്ടല്ല. എന്റെ മനസ്സിന് രോഗം ബാധിക്കാത്തത് എന്റെ കഴിവുകൊണ്ടുമല്ല..
....ലോകത്തിൽ മനുഷ്യന് ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമായത്... അവന്റെ ശരീരത്തിന് ബാധിക്കുന്ന രോഗമല്ല, മറിച്ച് അവന്റെ മനസിന് ബാധിക്കുന്ന രോഗമാണ്.. പ്രതിസന്ധികളെയും, വിപത്തുകളെയും അഭിമുഖീകരിക്കുവാനുള്ള മനസ്സിന്റെ 'ശക്തി ക്ഷയ'മാണത് .തന്റെ 
സ്രഷ്ടാവിന്റെ കഴിവിനെ വേണ്ട വിധം മനസ്സിലാക്കാതെ, അല്ലെങ്കിൽ അവനെ മറക്കുന്നതിലൂടെ മാനസികമായ നിലയിൽ വരുന്ന വ്യതിയാനം ആവാം ആ രോഗത്തിലേക്ക് മനുഷ്യനെ നയിക്കുന്നതിൽ പ്രധാനമായ
കാരണം എന്നു തോന്നിയിട്ടുണ്ടോ?
ഹൃദയങ്ങളെ തന്റെ സ്രഷ്ടാവിലേക്ക് അടുപ്പിച്ചു കൊണ്ട്..ആ മാനസിക ശക്തി കൈവരിക്കാൻ നമുക്ക് പരസ്പരം സഹായിക്കാം. കൈകോർക്കാം...പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ...

..... താഴിട്ട ഹൃദയം....

എന്നു നിൻ ഹൃദയം
നീ താഴിട്ടുപൂട്ടി..
ബലിഷ്ഠമാം ചങ്ങലകൾ
 കൊണ്ടു നീ പൂട്ടി...
പ്രതീക്ഷതൻ തിരിവെട്ടം, കടക്കാതിരിക്കുവാൻ,
ഒരു ചെറു കിളിവാതിൽ
 പോലും നീ പൂട്ടി.....
'ദുഃഖ'മാം അന്ധകാരം
 നിറച്ചു നിൻ,
 അകതാരിനുള്ളിൽ
 നീ,നീറി പുകഞ്ഞു ...
ആ, അന്ധകാരത്തിൽ,
തപ്പി തടഞ്ഞു നീ..
വീഴുന്നു വീണ്ടും...
 ഗർത്തങ്ങൾ തോറും....
കൈ നീട്ടി നിന്നെ ..
രക്ഷിച്ചിടുവാൻ..
കൊതിക്കും കരങ്ങൾ
  നീ കണ്ടതില്ല......
കാണുവാൻ കണ്ണുകൾ
  ഉണ്ടെന്നാലും..
നിൻ കണ്ണുകൾകെന്നോ...
 കാഴ്ച്ച നശിച്ചു......
കേൾക്കുവാൻ കാതുകൾ ഉണ്ടെന്നാലും..
നിൻ കാതുകൾ എന്നോ..
 ബധിരമായ് തീർന്നു....
മിണ്ടുവാൻ നാവു,
നിനക്കുണ്ടെന്നാലും..
നിൻ വാക്കുകൾഎന്നോ..
മൂകമായ് തീർന്നു....
നടക്കുവാൻ കാലുകൾ
ഉണ്ടെന്നാലും...
നിൻ കാലുകൾകെന്നോ...
 തളർച്ച ബാധിച്ചു.....
കൈ നീട്ടി നിൽക്കുന്ന,
സ്നേഹിതർ തൻ...
നെഞ്ചിലെ സ്നേഹവും
നീ കണ്ടതില്ല....
വിലങ്ങുകൾ തീർത്തു നിൻ, കരവലയത്തിൽ...
സ്വയം ബന്ധിതയായ് നീ...
ശിക്ഷകൾ തേടി....
'നിരാശ'തൻ വിഷമേറും
 കൈപ്പുനീർ സേവിച്ചു..
 കൊല്ലുകയാണോ നീ..
നിന്നിലെ 'നിന്നെ'?......
'നീ' എന്ന വികാരമെൻ
വേദന മാത്രമോ....
 മാറ്റുവാൻ കഴിയുമോ..
 വേദന റബ്ബേ...
ഹൃദയത്തിൻ കവാടം,
താഴിട്ടു പൂട്ടും 'നിരാശ'
തൻ ചാവി നീ..ദൂരേക്കു കളയൂ....
ഇനി നിൻ ഹൃദയകവാടം,
 തുറക്കുവാൻ...
പ്രതീക്ഷ'തൻ താക്കോലിൻ
 പഴുതു നീ തേടൂ....
നിരാശയ്ക്കു പകരം,
 പ്രതീക്ഷതൻ വെട്ടത്തിൽ ,
പുതുപുതു വഴികൾതൻ...
 കവാടം തുറക്കൂ....
താഴിട്ട നിൻഹൃദയ,
കവാടത്തിൻ താഴുകൾ...
തല്ലിതകർത്തു നീ...
 മുന്നോട്ടുനീങ്ങൂ.....
അഹദവൻ കൽപ്പന,
ഹൃദയത്തിൽ ചേർത്തു നീ...
ആ കർമ പാതയിൽ..
 മുന്നോട്ട് പോകൂ...
ഇഹപര ലോകത്തിൻ..
ശാന്തിയും സൗഖ്യവും..
നിറയും പാതയിൽ..
 മുന്നോട്ടു പോകൂ....
നിലക്കാത്തതിരമാല..
പോലെ നിൻ നെഞ്ചിൽ...
പ്രതീക്ഷതൻ വെട്ടം വന്നണയട്ടെ...
 പടച്ചവനേകിയ പരീക്ഷണ
 യാത്രയിൽ...
വിജയം വരിച്ചു നീ...
മുന്നോട്ട് നീങ്ങൂ ....
എങ്ങോ മറഞ്ഞ നിൻ,
 പുഞ്ചിരി വീണ്ടും..
നിൻ ചെഞ്ചുണ്ടിൽ,കണ്ടോന്നു,
 നിർവൃതി പൂകാൻ...
 കൊതിക്കുകയാണു ഞാൻ...
അകതാരിലെന്നും...
താഴിട്ട നിൻ ഹൃദയ,
 കവാടം തുറക്കാൻ.....
 കൊതിക്കുകയാണു ഞാൻ...
അറിയാതെ എന്നും...
 താഴിട്ട നിൻഹൃദയ..
കവാടം തുറക്കാൻ......
താഴിട്ട നിൻഹൃദയ......
കവാടം തുറക്കാൻ......
താഴിട്ട നിൻഹൃദയ..
കവാടം തുറക്കാൻ...(slowdown)

Saturday, October 19, 2024

മിഴി തൻ പുലരി



തുറന്നിട്ട ജാലകത്തിലൂടെ വന്ന സൂര്യരശ്മികൾ എൻറെ മിഴിയിൽ പതിച്ചപ്പോഴാണ് ഞാൻ നിദ്രയിൽ നിന്നുണരുന്നത് .പതിയെ മുറ്റത്തേക്ക് ഇറങ്ങി അന്തരീക്ഷം തികച്ചും ശാന്തമായിരുന്നു.പൂക്കളെ അഭിവാദ്യം ചെയ്യുന്നതുപോലെ കാറ്റത്താടി.മുറ്റത്തുണ്ടായിരുന്ന നെല്ലിക്കാ മരം എന്നെ കണ്ടപ്പോൾ തമ്പിച്ച പോലെ സ്തംഭിച്ച പോലെ നിശ്ചലനായി നിന്നു. അവിടെ അലഞ്ഞു തിരിഞ്ഞു നടന്ന ശുദ്ധവായു പതിയെ ഞാൻ ഉള്ളിലേക്ക് വലിച്ചു.പ്രകൃതി ഭംഗി കണ്ടു മതിമറന്നതിൽ അലിഞ്ഞു ചേർന്ന എൻറെ ചെവിക്കല്ല് വിധത്തിൽ ഹോസ്റ്റൽ വാർഡൻ പ്രാതലിനുള്ള ബെല്ലടിച്ചു.പതിയെ ഞാൻ ഹോസ്റ്റൽ നടുമുറ്റത്ത് ഉണ്ടായിരുന്ന മേശക്കരികിലേക്ക് നീങ്ങി.മേശയ്ക്ക് മുകളിൽ കിടന്ന ദിനപ്പത്രം തൻറെ താളുകൾ സ്വയം തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ഞാൻ അതിൻറെ താളുകൾ തുറന്നു അതിലെ പ്രധാന വാർത്തകൾ ആവാഹിച്ചെടുത്തു.പതിവുപോലെ എന്റെ ദിനചര്യകളിലേക്ക് കാലെടുത്തു വച്ചു.ഇന്നത്തെ ദിവസം അതിമനോഹരമാകട്ടെ എന്ന ആശംസിച്ചുകൊണ്ട്......

Sunday, August 25, 2024

ഉള്ളും പുറവും



 വാതിലിലൂടെ അവൾ പുറത്തേക്കു നോക്കി. ഉഷ്‌ണകാലം പൊടി പുരണ്ടും ശൈത്യകാലം പുകയിട്ടും പുറത്തെ കാഴ്ചകൾ, ജനാല ചില്ലിലൂടെ മങ്ങിയേ അവൾ കണ്ടിട്ടുള്ളു. ഇനി അവ തുറന്നിട്ടാൽ തന്നെ ജനലഴികൾ ഒരു തടസ്സമാണ്.
മഴ മേഘങ്ങൾ ജലധാരയായി ചിതറി വീഴുന്ന നയനസുഭഗമായ സായാനങ്ങളിൽ, ആവി പാറുന്ന കാപ്പി നുകരവെ പലപ്പോഴും അവൾ അറിയാതെ മോഹിക്കുമായിരുന്നു... ഈ ജനലഴി പിഴുതെറിഞ്ഞാലൊ, ഈ ചില്ല് അടിച്ചു തകർത്താലൊ...! വീട്ടിൽ വായുവും വെളിച്ചവും നിറയട്ടെ. ഒരിക്കൽ അവളത് ചെയ്തു! ഒപ്പം വാതിലും തല്ലി പൊളിച്ചു !! 

മലർക്കെ തുറന്ന ജനാലയും വാതിലും കണ്ട ചിലർ, അവൾക്ക് സ്തോത്രം പാടി: ധീര! സ്വതന്ത്ര !! 

"കള്ളൻ കേറില്ലെ?" എന്ന് ചോദിച്ച ചില "മഡയർ"ക്കുള്ള മറുപടി ജനം നൽകി: "എങ്കിൽ അതിന് പഴിക്കേണ്ടത് കള്ളനെയാണ്, അവളെയല്ല."

ആദ്യമൊക്കെ, തുറസായ ജനാലപ്പടിയിൽ കിളികൾ വന്ന് കളകൂജനം മുഴക്കുന്നതും, വാതിൽ പടിയിൽ പൂച്ച ചുരുണ്ടു കൂടി ഉറങ്ങുന്നതും കണ്ട് അവൾ വാത്സല്യാതിരേകത്താൽ ആനന്ദിച്ചു. അധികം വൈകാതെ , പക്ഷി കാഷ്ടങ്ങൾ കോരലായി അവളുടെ പണി. പൂച്ച കലത്തിൽ നിന്നും മീൻ കട്ടു കൊണ്ടു പോകൽ പതിവായി. ചിലന്തി വലകളും, അഴുക്കും ചേറും ക്ഷുദ്രജീവികളും കൊണ്ട് "ഉളള്" മലിനമായി. 

രാത്രി നായ്ക്കളും കുറുക്കന്മാരും കയറുന്നതും നോക്കി അവൾ കാവലിരുന്നു, തളർന്നു. അവൾ തൂങ്ങിയുറങ്ങിയപ്പോൾ കള്ളന്മാർ യഥേഷ്ടം വീട് കട്ടു മുടിച്ചു. വന്യമൃഗങ്ങളെ അവൾ വിരട്ടി ഓടിക്കാൻ പോരാടി. വന്യ മനുഷ്യരോട് അവൾ പോരാടി തോറ്റു.

Saturday, August 24, 2024

ആദർശ പടച്ചട്ട




തട്ടമിട്ടാൽ ഭയങ്കര ചൊറിച്ചിലാണ്"

 "ആർക്ക്"

 "ഇടുന്നവർക്കോ "

 "അല്ല അത് കാണുന്നവർക്ക് "

 "അതോ തട്ടമല്ലത്രെ അവരുടെ പ്രശ്നം "

പിന്നെ..?

 ആ വസ്ത്രത്തിന് പിന്നിലൊരു ആദർശം ഉണ്ട്

 അടിച്ചമർത്തപ്പെട്ടവരെ നിർഭയത്വത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു ആദർശം. നമുക്കറിയാം സ്ത്രീകൾ ഇസ്ലാമിക വസ്ത്രം ധരിച്ചുകൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥകൾ

  ഇസ്ലാമിൽ അടിയുറച്ചവളെ അവർക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല അതാണ്ത്ര പ്രശ്നം

 ജനിച്ചപ്പോഴേ മരിച്ചുപോയ കമ്മ്യൂണിസത്തിന്റെ മയ്യത്തുമായി വിലാപയാത്ര പോകുന്നവർക്ക് അവളെ എന്തിനാണാവോ...?

 സ്വാതന്ത്ര്യം വേണ്ടേ പെണ്ണേ എന്ന് ചോദിച്ചവർ മുറവിളി കൂട്ടുന്നതിന് പിന്നിലെ ഗൂഡ തന്ത്രം അവൾ പണ്ടേ തിരിച്ചറിഞ്ഞതാണ് 

  പീഡന പരാതികളുടെ തീവ്രതയാളുന്ന "ശ്രീമതി" മാരെന്നും അവിടെ ഇപ്പോഴും സ്വതന്ത്രരല്ലെന്ന് അവൾക്കറിയാം

  തട്ടത്തിലൂടെ അവർക്ക് ഊരിയെറിയേണ്ടത് അവളുടെ ആദർശത്തെയാണ് 

  അവർക്കറിയില്ലല്ലോ ആ തട്ടം ഫറോവയുടെ തെമ്മാടി കൂട്ടത്തിനു മുന്നിൽ മുട്ടുമടക്കാതെ മരണം വരിച്ച ആസ്യ അണിഞ്ഞിരുന്നതായിരുന്നുവെന്ന് 

 ഇസ്ലാമിനെ നെഞ്ചോട് ചേർത്ത് ധീര രക്തസാക്ഷിത്വം വരിച്ച സുമയ്യയുടെ തലയിലുമുണ്ടായിരുന്നുവാ വസ്ത്രം 

 പല കാലങ്ങളിലായി പല കൊമ്പന്മാരും ഊരിയെറിയാൻ ശ്രമിച്ച ആ തട്ടം ഇന്ന് അവളുടെ ശിരസ്സിലുണ്ട്
 അജയമായ അവളുടെ ആദർശവും. !