Tuesday, February 18, 2020

പൗരത്വ രേഖ

       




മത ജാതി വർഗ്ഗത്തിൻ വേലികൾ കെട്ടാതെ

അണിയായ് നിരന്നാ അസംബ്ലിയിലും,

നിരതെറ്റാതെ നിന്നന്ന് ഇടറാതെ ചൊല്ലി-

ഞാൻ ഈ ഇന്ത്യ എന്നുടെ രാജ്യമെന്ന്,

ഇന്ത്യക്കാരെല്ലാം എൻ സോദരെന്നും,

പാഠപുസ്തകത്തിൻ മറിയുന്ന താളിലും

കണ്ടു ഞാനൊട്ടേറെ യോദ്ധാക്കളെ

അധിനിവേഷത്തിന്റെ അടിമത്വമിന്ത്യയിൽ

അടിവേരുറച്ചങ്ങ് നിന്ന കാലം

അടികൊണ്ട് വെടിയേറ്റ് പടവെട്ടി ഹിന്ദുവും-

കൃസ്ത്യൻ മുസൽമാനുമൊന്നുചേർന്ന്

വർഗ്ഗ വിഭാഗീയ വേലികൾക്കപ്പുറം

നിലകൊണ്ടു ഇന്ത്യ തൻ മക്കളായി

ത്യാഗം സഹിച്ചവർ ധീരദേശാഭിമാനികൾ-

സ്വരക്തത്താൽ കുറിച്ചിട്ട രാജ്യമിതിൽ

ജനാധിപത്യത്തിൻ കവചങ്ങളറിയാതെ

സ്വേഛാധിപത്യമായ് പരിണമിച്ചു

മതേതരത്വം വൃഥാവാക്കായ് മാറുമ്പോൾ

പൗരന്മാരെല്ലാം അന്യരായ് തീരുമ്പോൾ

അഭിപ്രായ പ്രകടനമപരാധമീ മണ്ണിൽ

ഇന്ത്യ എൻ രാജ്യമെന്നുരുവിട്ട കാലമി-

ന്നൊരു പാഴ്കിനാവായ് കണ്ടിടേണം

ത്യാഗരക്തം ചിതറിത്തെറിച്ചയീ മണ്ണിലേ-

ക്കൊരു തുള്ളി കണ്ണീർ പൊഴിച്ചിടട്ടെ..!

ഭരണഘടനയെ കാറ്റിൽ പറത്തുന്ന

ഫാസിസ്റ്റ് ഭരണകൂടങ്ങളോർക്കൂ...

പൂർവ്വികൾ തന്നുടെ രക്തം കലർന്നയീ

മണ്ണൊന്നു മാത്രം മതിയാവുകില്ലേ

ഞാനുമീ ഇന്ത്യ തൻ പൗരനാണെന്ന്

തെളിയിക്കും രേഖയായ് പരിഗണിക്കാൻ....!!?



                                                 ആസിയ ഹംദ
                    അഫ്‌സലുൽ ഉലമാ ഡിഗ്രി മൂന്നാം വർഷം








No comments:

Post a Comment